ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി 600 പുഷ്-പുൾ ലോക്കോകൾ നിർമ്മിക്കാനൊരുങ്ങി ബനാറസ് ലോക്കോമോട്ടീവ്. 15,000 കോടി രൂപ ചിലവിലാണ് നിർമ്മാണം. ഇന്ത്യൻ റെയിൽവേയുടെ ഉത്പാദന യൂണിറ്റായ ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് ആണ് പുഷ്-പുൾ ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നത്. ഡീസൽ ലോക്കോമോട്ടീവ് വർക്ക്സ് എന്നാണ് നിർമ്മാണ യൂണിറ്റ് അറിയപ്പെട്ടിരുന്നത്. 2020-ൽ ഡീസൽ ലോക്കോകളുടെ നിർമ്മാണം അവസാനിപ്പിച്ചു. ശേഷം ബനാറസ് ലോക്കോമോട്ടീവ് വർക്ക്സ് എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
600 പുഷ്-പുൾ ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ ഉടൻ തന്നെ ഫ്ളോട്ട് ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനോടനുബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറയിച്ചു. ചരക്ക് ഗതാഗതത്തിന് വേണ്ടിയാണ് 500 പുഷ്-പുൾ ലോക്കോകൾ നിർമ്മിക്കുന്നത്. 100 പുഷ്-പുൾ ലോക്കോകൾ സജ്ജമാക്കുന്നത് പാസഞ്ചർ ട്രെയിനുകൾക്കായാണ്. പുഷ്-പുൾ ട്രെയിനിൽ ഇരു വശങ്ങളിലുമായി രണ്ട് ലോക്കോമോട്ടീവുകളാകും ഒരേ സമയം ഉപയോഗിക്കുക. രണ്ട് ലോക്കോകളും സിംഗിൾ കമാൻഡ് സിസ്റ്റവുമായി ബന്ധിപ്പിക്കും. മുന്നിൽ ഒരു ഡ്രൈവറും പിന്നിൽ ഒരു അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാകും ട്രെയിൻ നിയന്ത്രിക്കുക.
ഡിസ്ട്രിബ്യൂട്ട് പവർ പുഷ്-പുൾ ലോക്കോകൾ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കാര്യക്ഷമമാണ്. ട്രെയിൻ റിവേഴ്സ് ചെയ്യുന്നതിന് ഉൾപ്പെടെ ഇതൊരു പരിഹാര മാർഗമാണ്. പുഷ്-പുൾ ലോക്കോകൾ പൂർണമായും വൈദ്യുതികരിച്ചവയാണ്. ഒരു ലോക്കോയ്ക്ക് ഏകദേശം 12 കോടി രൂപയാണ് ചിലവ്.