തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്. നാളെയും മഴ ശക്തമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.