ലക്നൗ : ഉത്തർപ്രദേശിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊടും ക്രിമിനൽ ജിതു എന്ന ജിതേന്ദ്ര കൊല്ലപ്പെട്ടു . കൂട്ടാളി ബൽവീറിന് വെടിയേറ്റു. ഗാസിയാബാദ് ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം .
ഗംഗനഹറിന് സമീപം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്കിൽ ജിതുവും, ബൽവീറും എത്തിയത് . പോലീസിനെ കണ്ടതോടെ കടന്നുകളയാൻ ഇരുവരും ശ്രമിച്ചു. എന്നാൽ പോലീസ് സംഘം പ്രദേശം വളയുകയും ഇരുവരെയും കണ്ടെത്തുകയും ചെയ്തു . എന്നാൽ ജിതു രക്ഷപെടാനായി പോലീസിന് നേരെ വെടിയുതിർത്തു . വെടിവെപ്പിൽ ഒരു സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. തുടർന്ന് പോലീസ് ഇരുവരെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.
പരിക്കേറ്റവരെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജിതേന്ദ്ര മരണപ്പെട്ടു . പടിഞ്ഞാറൻ ഉത്തർപ്രദേശിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒരു ഡസൻ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട് . ഒക്ടോബർ 27 ന് ഓട്ടോയിൽ പോകുന്ന വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ജിതു ശ്രമിച്ചിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു. ഈ കേസിലും ജിതു പ്രതിയാണ്.