ലോഗ്-റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം തദ്ദേശീയമായി വികസിപ്പിക്കാനൊരുങ്ങുന്നു. 2028-29 കാലഘട്ടത്തിൽ വിന്യസിക്കുമെന്നാണ് വിവരം. ഡിആർഡിഒയുടെ കീഴിൽ ‘പ്രോജ്ക്ട് കുശ’ പ്രകാരമാണ് പ്രതിരോധ മേഖലയ്‌ക്ക് ശക്തിപകരുന്നതിനായി ലോഗ്-റേഞ്ച് എയർ ഡിഫൻസ് സിസ്റ്റമാണ് (LR-SAM) വികസിപ്പിക്കുന്നത്. സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ തുടങ്ങിയവയെ പ്രതിരോധിക്കാൻ LR-SAM-ന് കഴിയും. 350 കിലോമീറ്റർ പരിധി വരെ പ്രതിരോധം തീർക്കാൻ പുത്തൻ സംവിധാനത്തിന് സാധിക്കും.
2011-ൽ ഇസ്രായേലിൽ വിന്യസിച്ച അയേൺ ഡോമിന് സമാനമായ രീതിയിലാണ് LR-SAM വികസിപ്പിക്കുന്നത്. ശത്രുപക്ഷത്ത് നിന്ന് വരുന്ന റോക്കറ്റുകളെ തടസ്സപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുന്ന റഡാർ ഡിറ്റക്ടറുകളുടെയും മിസൈൽ ലോഞ്ചറുകളുടെയും ഒരു ശൃംഖലയാണ് അയൺ ഡോം. അടുത്തിടെ ഇന്ത്യൻ വ്യോമസേന ചൈന, പാക് അതിർത്തിയിൽ വിന്യസിച്ച റഷ്യൻ മിസൈൽ യൂണിറ്റായ എസ്-400 എയർ ഡിഫൻസ് സിസ്റ്റത്തോട് സാമ്യതയുള്ളതാണ് LR-SAM സിസ്റ്റം. തന്ത്രപ്രധാനമായ മേഖലകളിലാകും ഇവയെ വിന്യസിക്കുക.
2022-ലാണ് മിഷൻ-മോഡ് പ്രോജക്ടായി കേന്ദ്രം LR-SAM സിസ്റ്റം വികസിപ്പിക്കാൻ അനുമതി നൽകിയത്. 21,700 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. 150 കിലോമീറ്റർ, 250 കിലോമീറ്റർ, 350 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് റേഞ്ചുകളിൽ പ്രതിരോധം തീർക്കാൻ പുതിയ സംവിധാനത്തിന് കഴിയും.