ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഇപ്പോഴാതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്. കിളിപോയി, കൊഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
നടന്റെ കരിയറിലെ വളരെ വ്യത്യസ്തമായ ഒരു വേഷം കൂടിയാണ് ഗെറ്റ് സെറ്റ് ബേബിയിലേത്. ചിത്രത്തിൽ ഒരു പുരുഷ ഗൈനക്കോളജിസ്റ്റായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. സാമൂഹിക പ്രസക്തിയുള്ള കഥയെ വളരെ രസകരമായിട്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിഖില വിമലാണ് നായിക. ത്രീ കിംഗ്സ്, റോമൻസ്, ഗുലുമാൽ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് വൈ വി രാജീവും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്‌കന്ദ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ ജലീൻ, പ്രക്ഷാലി ജെയിൻ, സജീവ് സോമൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്.