ന്യൂഡൽഹി: നിശാ പാർട്ടികളിൽ പാമ്പുകളെയും പാമ്പുകളുടെ വിഷവും ഉപയോഗിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. റിയാലിറ്റിഷോയായ ബിഗ്‌ബോസ് ഒടിടി 2 വിജയിയും യൂട്യൂബറുമായ എൽവിഷ് യാദവ് സംഘടിപ്പിച്ച നിശാ പാർട്ടിയിലാണ് ലഹരിക്കായി പാമ്പുകളുടെ വിഷം ഉപയോഗിച്ചത്. ഡൽഹിയിലെ വിവിധ ഫാം ഹൗസുകളിൽ ഇത്തരത്തിൽ നിശാ പാർട്ടികൾ പ്രതികൾ നടത്തി വന്നിരുന്നതായും ഇൻസ്റ്റഗ്രാം വീഡിയോകൾക്കായി എൽവിഷ് പാമ്പുകളെ ഉപയോഗിച്ച് വീഡിയോകൾ നിർമ്മിച്ചതായും പോലീസ് അറിയിച്ചു.
വിവിധയിടങ്ങളിൽ നിന്നും പിടിച്ചെടുത്ത പാമ്പുകളുടെ വിഷം എൽവിഷ് വൻ തുകയ്‌ക്കാണ് വാങ്ങിയിരുന്നത്. അഞ്ച് മൂർഖൻ പാമ്പുകളടക്കം ഒമ്പത് പാമ്പുകളെയാണ് പ്രതികൾ വിഷം വേർത്തിരിച്ചെടുക്കുന്നതിനായി പാർട്ടിയിൽ എത്തിച്ചിരുന്നത്. വന്യജീവി സംരക്ഷണ വകുപ്പിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ പക്കൽ പാമ്പുകളുള്ളതായി പോലീസ് കണ്ടെത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്തതായും പാമ്പുകളെ വനംവകുപ്പിന് കൈമാറിയതായും പോലീസ് അറിയിച്ചു.















