ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുളള നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന രാം നിവാസ് മീണയാണ് ഒരു സ്ഥാനാർത്ഥി. ഇദ്ദേഹം എസ് ടി സംവരണ മണ്ഡലമായ തോടാഭീമിൽ മത്സരിക്കും. ഷിവോയിൽ നിന്ന് സ്വരൂപ് സിംഗ് ഖാരയും ജനവിധി തേടും.
200 അംഗ നിയമസഭയിലേക്ക് നാല് പട്ടികകളിലായി 184 സീറ്റുകളിലേക്കുളള സ്ഥാനാർത്ഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ 41 സീറ്റുകളിലും രണ്ടാമത്തേതിൽ 83 സീറ്റുകളിലും മൂന്നാമത്തേതിൽ 58 സീറ്റുകളിലുമാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 25 ന് നടക്കും. ഫലം ഡിസംബർ 3 ന് പ്രഖ്യാപിക്കും.