പാലക്കാട്: അമ്പലക്കര സി രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർഥം സരോവരം ബുക്സ് ഏർപ്പെടുത്തിയ ബാലസാഹിത്യ പുരസ്ക്കാരത്തിന് ശ്രീജിത്ത് മൂത്തേടത്ത് അർഹനായി. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന പുസ്തകത്തിനാണ് അംഗീകാരം ലഭിച്ചത്.
സാഹിത്യനിരൂപകൻ കല്ലറ അജയൻ , കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ , ഗ്രന്ഥകാരൻ കിരൺജിത്ത് യു ശർമ എന്നിവരടങ്ങിയ സമിതിയാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുത്തത്.
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് അവാർഡിന് അർഹമായ പെൻഗ്വിനുകളുടെ വൻകരയിൽ എന്ന കൃതിയുടെ പ്രസാധകർ.
5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത് തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപകനാണ്. പാലറ്റ്, നയൻമൊനി, നിണവഴിയിലെ നിഴലുകൾ, ആഫ്രിക്കൻ തുമ്പികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നോവൽ, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
നവംബർ അഞ്ചിന് പഴമ്പാലക്കോട് സേവാ സംഘം ഹാളിൽ നടക്കുന്ന ചടങ്ങിൽ തരൂർ എം. എൽ. എ. പി. പി. സുമോദ് അവാർഡ് സമ്മാനിക്കും.