പാണ്ഢ്യരാജാവിന് ഒരിക്കലും നശിക്കാത്ത ഒരു നീവി അഥവാ പണക്കിഴി നൽകിയ ലീലയാണ് ഇത്.
കുലഭൂഷണ പാണ്ഢ്യരാജാവ് തിങ്കളാഴ്ച വ്രതവും ശിവരാത്രി വ്രതവും നന്നായി അനുഷ്ഠിച്ചും ഭക്തിപൂർവ്വം സുന്ദരേശ്വര ഭഗവാനെ സേവിച്ചും പ്രജകളെ നന്നായി പരിപാലിച്ചും ജീവിതം നയിച്ചു. പൂർവ്വജന്മത്തിൽ എന്തെങ്കിലും പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലം അടുത്ത ജന്മത്തിൽ അനുഭവിക്കേണ്ടിവരും. അതുകൊണ്ടായിരിക്കാം രാജാവിനെ ബ്രാഹ്മണരോട് അനാദരവും ഉണ്ടായി. തൽഫലമായി അവർ ദുഖിതരും ദരിദ്രരുമായി ഭവിച്ചു.. യാഗങ്ങൾ ഇല്ലാതെയായി അവർ ഹീന കർമ്മങ്ങളിൽ മുഴുകി, നിത്യകർമ്മങ്ങൾ അനുഷ്ഠിക്കാതെയായി. ഇതിന്റെയൊക്കെ ഫലമായി രാജ്യത്ത് മഴയില്ലാതെയായി. ചെടികൾ ഉണങ്ങി വരണ്ടു. ധാന്യങ്ങൾ ഉണ്ടായില്ല. പുല്ല് ലഭിക്കാത്തതുകൊണ്ട് പശുക്കളും കുതിരകളും നശിച്ചു. അവിടുത്തെ ജീവിതം സുഖപ്രദമല്ലാത്തതുകൊണ്ട് പലരും സ്വന്തം ഭവനം ഉപേക്ഷിച്ച് അന്യ രാജ്യങ്ങളിലേക്ക് പോയി. സ്വന്തം രാജ്യത്തിലെ ദുരവസ്ഥ കണ്ടപ്പോൾ കുലഭൂഷണ രാജാവ് തീർത്ഥ സ്നാനം ചെയ്തു, ഭസ്മം ധരിച്ച് ഹലാസ്യ ക്ഷേത്രത്തിൽ എത്തി. വിഘ്നേശ്വരനെ ദർശിച്ച് ആയിരം നാളികേരങ്ങളാൽ പൂജിച്ചു. മീനാക്ഷി ദേവിയെ ദർശിച്ച് പൂജിച്ചതിനുശേഷം സുന്ദരേശ്വര ലിംഗത്തെ ദർശിച്ചു ഭക്തിയോടും ശ്രദ്ധയോടും കൂടി പൂജിച്ചതിനുശേഷം ഇങ്ങനെ പ്രാർത്ഥിച്ചു..
“ചന്ദ്രക്കലാധരാ.! സുന്ദരേശാ.! കാരുണ്യവാരിധെ.! അങ്ങയുടെ പാദാംബുജം വണങ്ങുന്ന ഒരു ഭക്തനാണ് ഞാൻ. അങ്ങയുടെ കൃപയാൽ ഞാൻ ഇത്രയും കാലം രാജ്യം പരിപാലിച്ചു. സൈന്യസമ്പാദനത്തിനായി സൈന്യാധിപനായ സുന്ദരസാമന്തനു നൽകിയത് കൊണ്ട് രാജ്യത്തിൽ ധനം ഇല്ലാതെയായി. മാത്രമല്ല മഴയില്ലാത്തതുകൊണ്ട് ധാന്യങ്ങളും ഇല്ല. ധനധാന്യങ്ങൾ ഇല്ലാത്തതുകൊണ്ട് ഞാനും പ്രജകളും അതീവ ദുഃഖിതനാണ് എന്റെ ഈ ദുഃഖം ശമിപ്പിക്കുവാൻ ഭഗവാൻ അല്ലാതെ ആരും തന്നെ ഇല്ല..കാരുണ്യവാരിധിയായ അങ്ങയുടെ പാദപത്മങ്ങൾ മാത്രമാണ് എനിക്ക് ആശ്രയം”.
ഇങ്ങനെ പ്രാർത്ഥിച്ചതിനു ശേഷം സുന്ദരേശ ക്ഷേത്രസന്നിധിയിൽ നിന്ന് രാജമന്ദിരത്തിൽ എത്തി ഭഗവാനെ ധ്യാനിച്ചുകൊണ്ടുതന്നെ രാത്രിയിൽ ശയിച്ചു. അപ്പോൾ ഭക്തവത്സലനായ ഹാലാസ്യനാഥൻ സിദ്ധവേഷത്തോടെ കൂടി രാജാവിനു സ്വപ്നദർശനം നൽകി ഇങ്ങനെ അരുളി.
“എന്റെ ഭക്തരിൽ ശ്രേഷ്ഠനായ കുലശേഖര പാണ്ഡ്യ അങ്ങേയ്‌ക്ക് പ്രിയങ്കരങ്ങളായ കാര്യങ്ങൾ ഞാൻ പറയുന്നത് കേൾക്കുക എന്റെ രൂപങ്ങൾ തന്നെയാണ് വേദങ്ങൾ അതുകൊണ്ട് വേദജ്ഞരായ ബ്രാഹ്മണർ എനിക്ക് പ്രിയപ്പെട്ടവരാണ്.. അവരോട് രാജാവായ നീ അനാദരവ് കാണിച്ചു തദ്ഭലമായി യാഗാദികർമ്മങ്ങൾ മുടങ്ങി. അതുകൊണ്ടാണ് മഴ പെയ്യാത്തത്. ബ്രാഹ്മണരെ പൂജിച്ചാൽ യഥാകാലം മഴ ലഭിക്കും. ഇന്ന് ഞാൻ നിനക്ക് സ്വർണ്ണം നിറച്ച ഒരു നീവി (പണക്കിഴി) തരുന്നു,. നിന്റെ ആഗ്രഹം പോലെ അതെടുത്ത് ചെലവ് ചെയ്തു കൊള്ളുക. ഇതിൽനിന്ന് ആവശ്യമുള്ള ധനം എടുത്താൽ വീണ്ടും ധനം ഉണ്ടാകും”.
ഇങ്ങനെ അവ്യയനായ ഭഗവാൻ അവ്യയമായ ദ്രവ്യം നൽകി (അവ്യയം എന്നാൽ നശിക്കാത്തത്) എന്നർത്ഥം. രാജാവിന്റെ നെറ്റിയിൽ ഭസ്മം പുരട്ടിയതിനുശേഷം സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ അപ്രത്യക്ഷനായി.
രാജാവ് പെട്ടെന്ന് ഉണർന്നു. സുന്ദരേശ ഭഗവാൻ നൽകിയ നീവി കണ്ടപ്പോൾ ആനന്ദസാഗരത്തിൽ ആറാടി. നീവിയെ ശിരസ്സിൽ ധരിച്ചുകൊണ്ട് അൽപ്പനേരം നൃത്തം ചെയ്തു. പ്രഭാതത്തിൽ മന്ത്രിമാരെ വിളിച്ചുവരുത്തി നീവി കാണിക്കുകയും സ്വപ്നവൃത്താന്തം അറിയിക്കുകയും ചെയ്തു. സന്തുഷ്ടരായ അവർ രാജാവിന്റെ ഭക്തിയേയും ഭഗവാന്റെ കാരുണ്യത്തെയും പ്രശംസിച്ചു. അവർ ഇങ്ങനെ പറഞ്ഞു..
“ഒരു സിംഹാസനത്തിൽ നീവി സ്ഥാപിച്ച് പരമേശ്വരനെ പൂജിക്കുന്നത് പോലെ പൂജിക്കണം. ആവശ്യമുള്ള ധനം എടുത്ത് നിത്യവും ബ്രാഹ്മണരേയും പൂജിക്കണം. മൂല ലിംഗത്തിന് അഭിഷേകം പൂജ എന്നിവയും ഉത്സവവും ആദരപൂർവ്വം ചെയ്യണം. സൂര്യാദി ഗ്രഹങ്ങളെയും ഇന്ദ്രാദി ദേവന്മാരെയും താപസന്മാരെയും പിതൃക്കളയും പ്രീതിപ്പെടുത്തണം. ദേവന്മാരും പിതൃക്കളും ബ്രാഹ്മണ പൂജ കൊണ്ടുതന്നെ തൃപ്തരാകും അതുകൊണ്ട് ഉടൻതന്നെ ബ്രാഹ്മണ പൂജ ആരംഭിയ്‌ക്കണം..”
മന്ത്രിമാർ അഭിപ്രായപ്പെട്ടതെല്ലാം രാജാവ് പ്രാവർത്തികമാക്കി അപ്പോൾ ഐശ്വര്യം വർദ്ധിച്ചു. മഴയുണ്ടായി ധനധാന്യങ്ങൾ ധാരാളമുണ്ടായി. നീവിയിൽ നിന്ന് ഉത്ഭവിക്കുന്ന ധനവും രാജാവ് ധാരാളമായി ദാനം ചെയ്തു. ദേവന്മാരെയും ബ്രാഹ്മണരെയും പൂജിച്ചുകൊണ്ട് രാജാവ് സസുഖം വസിച്ചു. വിപ്രർ വൈദിക കർമ്മങ്ങൾ ചെയ്തുകൊണ്ട് ജീവിതം നയിച്ചു. ക്ഷത്രിയരും വൈശ്യരും സ്വകർമ്മങ്ങൾ അനുഷ്ഠിച്ചു തദ്ഫലമായി ദാരിദ്ര ദുഃഖവും അപമൃത്യുവും ഇല്ലാതെയായി ഈശ്വരനെ സേവിച്ചും രാജാവിനെ പ്രശംസിച്ചും പ്രജകൾ ജീവിതം നയിച്ചു.
ഭഗവാന്റെ 31ാമത്തെ ലീലയായ ഇത് ഭക്തിപൂർവ്വം ഹൃദിസ്ഥമാക്കുന്നവർക്ക് മേൽക്കുമേൽ ഐശ്വര്യം വർദ്ധിക്കുമെന്നാണ് ഫലശ്രുതി
അടുത്ത ഹാലാസ്യ മാഹാത്മ്യം 32 – കങ്കണ വിക്രയം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















