ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇരു നേതാക്കളുടെയും സംഭാഷണത്തിൽ ഇസ്രായേൽ- ഹമാസ് യുദ്ധവും ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാറും ഉൾപ്പെടെ ചർച്ചാവിഷയമായതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്.
ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെ ഇരു നേതാക്കളും അപലപിച്ചു. ഹമാസ് പാലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്ന നേതൃത്വമല്ലെന്ന് വിലയിരുത്തിയ നേതാക്കൾ, സാധാരണക്കാർ യുദ്ധത്തിന്റെ ഇരകളാകുന്നതിനെ അപലപിച്ചു. ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തുന്നത് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട സുനക്, ബ്രിട്ടൺ അതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായും അറിയിച്ചു.
ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാറും ഫോൺ സംഭാഷണത്തിൽ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ഇതിനായി തുടർന്ന് സ്വീകരിക്കേണ്ട നടപടികളും മോദിയും സുനകും ചർച്ച ചെയ്തു. വ്യാപാര ബന്ധം കൂടുതൽ സുഖമമാക്കാനുള്ള നടപടികൾ ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് നേതാക്കൾ പരസ്പരം ഉറപ്പുനൽകിയതായും ഡൗണിംഗ് സ്ട്രീറ്റ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടീം ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് അഭിനന്ദനം അറിയിച്ച സുനക്, ഇന്ത്യൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രത്യാശയയും പ്രകടിപ്പിച്ചു.