ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുമായി ബന്ധപ്പെട്ട ആദ്യ ചടങ്ങുകളിലൊന്നായ അക്ഷത് പൂജയ്‌ക്ക് തുടക്കമായി. ദേവസന്നിധിയിൽ ആയിരം കിലോ അരിയുടെ അക്ഷത് പൂജയാണ് നടത്തിയത്. ഓരോ ക്വിന്റൽ മഞ്ഞൾപ്പൊടിയും നെയ്യും ഇതോടൊപ്പം എത്തിച്ചു. തുടർന്ന് കലശത്തിൽ സ്ഥാപിച്ചു.
200-ഓളം ആർഎസ്എസ്, വിഎച്ച്പി വേളണ്ടിയർമാർക്ക് ഈ അക്ഷതം കൈമാറും. തുടർന്ന് പ്രാണ പ്രതിഷ്ഠ ദിനമായ 2024 ജനുവരി 22-ന് മുൻപായി രാജ്യത്തുടനീളമുള്ള കോടാനുകോടി വീടുകളിൽ അക്ഷതം എത്തിക്കും. രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ വിതരണം ചെയ്യേണ്ടതിനാൽ അക്ഷതത്തിനൊപ്പം 100 ക്വിന്റൽ അരി കൂടി ചേർക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ചടങ്ങിനുപയോഗിക്കുന്ന ഇതേ അക്ഷതം ഉപയോഗിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും ഭക്തർ അക്ഷത് ചടങ്ങ് നടത്തും.
രണ്ട് കോടിയിലധികം ലഘുലേഖകളാണ് വിവിധ പ്രാദേശിക ഭാഷകളിൽ അച്ചടിച്ചിട്ടുള്ളത്. അക്ഷത് അരിക്കൊപ്പം ഇവ എല്ലാ വീടുകളിലുമെത്തും. ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും വീടുകളിലുമടക്കം അയോദ്ധ്യയിലെത്തുന്നത് പോലെ ഭജനയും നാമജപവും നടത്താനും ജനങ്ങളോട് ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.















