ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ദേര ഇസ്മയിൽ ഖാൻ മേഖലയിലെ ഗുൽ ഇമാമിലുണ്ടായ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. പോലീസ് ചെക്ക്പോസ്റ്റിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വഹീൽ ഗുൾ എന്ന സുരക്ഷാ ജീവനക്കാരനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
കഴിഞ്ഞ ദിവസം പാകിസ്താനിലെ രണ്ടിടത്തായിരുന്നു ഭീകരാക്രമണമുണ്ടായത്. ഗ്വാദറിലുണ്ടായ ആക്രമണത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ബോംബെറിഞ്ഞായിരുന്നു ആക്രമിച്ചത്. പസ്നിയിൽ നിന്നും ഒർമാരയിലേക്ക് പോകുകയായിരുന്നു സൈനികർ.
ഇതിന് പിന്നാലെ രണ്ടാമത്തെ ഭീകരാക്രമണവും നടന്നിരുന്നു. പാക് വ്യോമതാവളത്തിന് നേരെയായിരുന്നു ആക്രമണം. മിയാൻവാലിയുള്ള പാകിസ്താന്റെ വ്യോമസേനാ താവളത്തിലേക്ക് അതിക്രമിച്ച് കടന്ന ഭീകരർ സൈന്യത്തിന്റെ യുദ്ധവിമാനങ്ങൾ കത്തിച്ചു. ഇന്ധന ടാങ്കറുകളും നശിപ്പിച്ചിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് ഭീകരരെ പാക് പട്ടാളം വധിച്ചു. താലിബാൻ പിന്തുണയോടെ പാകിസ്താനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ‘തെഹ്രീകെ-ഇ-ജിഹാദ് പാകിസ്താൻ’ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.