തെന്നിന്ത്യയിലൊട്ടാകെ തിളങ്ങി നിൽക്കുന്ന താരം അമലാ പോൾ വിവാഹിതയായി. സുഹൃത്തും ഗോവയിലെ ലക്ഷ്വറി വില്ല മാനേജറുമായ ജഗദ് ദേശായി ആണ് വരൻ. വിവാഹചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് അമലാ പ്പോളാണ് ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.

‘ഈ ജീവിതകാലം മുഴുവൻ ഇങ്ങനെ ഒരുമിച്ച് കൈകോർത്ത് നടക്കും’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ലാവണ്ടർ നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായാണ് അമലാ പോളിന്റെ വരവ്. ലാവണ്ടറും ക്രീമും കലർന്ന ഷർവാണിയാണ് ജഗദ് ധരിച്ചിരിക്കുന്നത്. അധികം ആർഭാടങ്ങളില്ലാത്ത വളരെ സിംപിളായ വിവാഹമായിരുന്നു എന്നത് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.

അടുത്തിടെ അമലയും ജഗദും വിവാഹം കഴിക്കാൻ പോകുകയാണെന്ന് താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. അമലാ പോളിന് പിറന്നാളാശംസകൾ നേർന്ന് കൊണ്ട് ജഗദ് വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോയിലാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം ഇരുവരും പങ്കുവെച്ചത്. അമല പങ്കുവെച്ച് ചിത്രങ്ങളിലൂടെയാണ് രണ്ടാമതും വിവാഹിതയാവുകയാണെന്ന് ആരാധകർ പോലും അറിഞ്ഞത്.
















