വായു മലിനീകരണത്താൽ നെട്ടോട്ടമോടുകയാണ് ഡൽഹിയിലെ ജനങ്ങൾ. ശുദ്ധവായു ശ്വസിക്കാനായി മണിക്കൂറിന് പണം നൽകുന്ന കാഴ്ച വിദൂരമാണെന്ന് വിചാരിച്ചവർക്ക് ആ കാര്യത്തിലും തെറ്റ് പറ്റി. മണിക്കൂറിന് ആയിരവും പതിനായിരവും ചെലവഴിച്ചാണ് ഡൽഹിയിലെ മനുഷ്യർ ഇന്ന് ശുദ്ധവായു ശ്വസിക്കുന്നത്. വായുമലിനീകരണം ഡൽഹിയെ ഒന്നാകെ ബാധിച്ചപ്പോൾ ആ പുകപടലത്തിൽ മറഞ്ഞു പോയിരിക്കുകയാണ് ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ.
വിനോദ സഞ്ചാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വെണ്ണക്കല്ലിൽ കൊത്തിയെടുത്ത താജ്മഹൽ ഇന്ന് വായു മലിനീകരണത്തിൽപ്പെട്ട് നശിച്ചുകൊണ്ടിരിക്കുകയാണ്. താജ് മഹലിന്റെ ശോചനീയാവസ്ഥ ഡൽഹിയിലെത്തിയ വിനോദ സഞ്ചാരികൾ തന്നെയാണ് സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ പങ്കുവച്ചിരിക്കുന്നത്. ”ഏറെ നേരം നോക്കി നിന്നു, എന്നാൽ താജ്മഹൽ കാണാൻ സാധിച്ചില്ല. പുകപടലങ്ങളാൽ താജ്മഹൽ മറഞ്ഞുപോയിരിക്കുകയാണ്” വിനോദ സഞ്ചാരികൾ എക്‌സിൽ കുറിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയ വായുഗുണനിലവാര സൂചിക 460 ആണ്. ഇതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് പ്രൈമറി സ്‌കൂളുകൾക്ക് ഡൽഹി സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയായിരിക്കും ക്ലാസ് നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി.















