ഇനി ജമ്മു കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിലെത്താൻ റോഡ് മാർഗമെത്താം. കണക്ടിവിറ്റി വിപുലീകരിച്ച് ആദ്യ വാഹനം അമർനാഥ് ഗുഹയിലെത്തിയതായി ബിആർഒ അറിയിച്ചു. മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ദുമെയിൽ നിന്ന് ബാൽതാൽ ബേസ് ക്യാമ്പ് വഴി അമർനാഥ് ഗുഹയിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ചരിത്രപരമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ബിആർഒ പറഞ്ഞു. ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും തീർത്ഥാടകർക്കായി പാത നിർമ്മിക്കാൻ സാധിച്ചത് ചരിത്രമാണെന്നാണ് ബിആർഒ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.റോഡ് വഴി വാഹനം സഞ്ചരിക്കുന്നതിന്റെയും വാഹനങ്ങൾ ഗുഹയ്‌ക്ക് സമീപത്ത് എത്തിയതായും അധികൃതർ പറഞ്ഞു.
@BROindia Project Beacon is involved in restoration and improvement of Amarnath Yatra tracks.
Border Roads personnel completed the formidable task and created history with first set of vehicles reaching the holy cave.
Jai Hind! Jai BRO!!@narendramodi… pic.twitter.com/gjFBhcgp36
— 𝐁𝐨𝐫𝐝𝐞𝐫 𝐑𝐨𝐚𝐝𝐬 𝐎𝐫𝐠𝐚𝐧𝐢𝐬𝐚𝐭𝐢𝐨𝐧 (@BROindia) November 2, 2023
ബിആർഒയാണ് ഈ ബൃഹത്തായ റോഡിന് പിന്നിൽ. കഴിഞ്ഞ വർഷമാണ് ഗുഹക്ഷേത്രത്തിലേക്കുള്ള പാതകളുടെ നവീകരണം ബിആർഒയെ ഏൽപ്പിച്ചത്. ‘പ്രോജക്ട് ബീക്കൺ’ പദ്ധതിക്ക് കീഴിലാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. പുതിയ റോഡ് യാഥാർത്ഥ്യമായതോടെ തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സാധിക്കും. നേരത്തെ കാൽനടയായി മാത്രമായിരുന്നു ക്ഷേത്രത്തിലെത്താൻ കഴിഞ്ഞിരുന്നുള്ളൂ.
ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമർനാഥ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,888 മീറ്റർ (12,756 അടി) ഉയരത്തിലുള്ള അമർനാഥ് ഗുഹാക്ഷേത്രം, ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. അമർനാഥ് ഗുഹയ്‌ക്ക് ഏകദേശം നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവും കണക്കാക്കുന്നു. ഗുഹയിലെ ജലം ഇറ്റ് വീണ് അതുറഞ്ഞ് ശിവലിംഗ രൂപത്തിലാകുന്നു. ഹിമലിംഗം എന്ന് വിളിക്കുന്ന ഇത് വേനൽക്കാലത്ത് ഉരുകി അപ്രത്യക്ഷമാകുന്നു.















