തിരുവനന്തപുരം: കേരള സർക്കാരിന്റെ കേരളപ്പിറവി ആഘോഷ പരിപാടിയായ കേരളീയം ഇന്ന് സമാപിക്കും. വൈകുന്നേരം നാലിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരളീയം സമാപനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. വൈകുന്നേരം 3.30 മുതലാകും നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നവർ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തണമെന്നാണ് നിർദ്ദേശം.
പനവിള, ഹൗസിംഗ് ബോർഡ് – പ്രസ് ക്ലബ് റോഡ് വഴിയും സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റ്, വൈഎംസിഎ -പ്രസ് ക്ലബ് റോഡ് എന്നിവയിലൂടെയും സെൻട്രൽ സ്റ്റേഡിയത്തിലേക്ക് വിഐപി.വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ, കേരളീയം സംഘാടകരുടെ വാഹനങ്ങൾ, നിശ്ചിത പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾ എന്നിവ മാത്രമേ കടത്തിവിടൂ. ഇവർക്കായി പനവിള – ഹൗസിംഗ് ബോർഡ് റോഡിലും സെൻട്രൽ സ്റ്റേഡിയം പരിസരത്തുമായി പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് എത്തുന്നവരെ സുരക്ഷാ പരിശോധനക്ക് ശേഷമേ കടത്തിവിടൂ. പ്രധാന റോഡുകളിൽ വാഹനപാർക്കിങ് അനുവദിക്കില്ല.
പബ്ലിക് ഓഫീസ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് പാളയം, ഗവ. മോഡൽ എച്ച്എസ്എസ് തൈക്കാട്, ശ്രീസ്വാതി തിരുനാൾ സംഗീത കോളേജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂർ, ഐരാണിമുട്ടം ഗവ. ഹോമിയോ ഹോസ്പിറ്റൽ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ബിഎസ്എൻഎൽ ഓഫീസ്, കൈമനം, ഗിരിദീപം കൺവെൻഷൻ സെന്റർ നാലാഞ്ചിറ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
സംസ്ഥാന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് സർക്കാർ കേരളീയം പരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്റെ ധൂർത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. 27 കോടി രൂപയിലധികമാണ് കേരളീയം പരിപാടിക്കായി ചെലവഴിച്ചത്.