സൗരയൂഥത്തെ പോലെ തന്നെ മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഏഴ് ഗ്രഹങ്ങളടങ്ങിയ ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലർ സ്പേസ് ടെലിസ്കോപ്പാണ് പകർത്തിയത്. കെപ്ലർ-385 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹ സംവിധാനത്തിൽ കണ്ടെത്തിയ ഏഴ് ഗ്രഹങ്ങൾക്കും ഭൂമിയേക്കാൾ വലുപ്പമുണ്ടെന്നും എന്നാൽ നെപ്ട്യൂണിനേക്കാൾ ചെറുതുമാണെന്ന് നാസ വ്യക്തമാക്കുന്നു.
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ പഠനങ്ങൾ നടക്കുന്നതിനിടെയാണ് നിർണായക കണ്ടെത്തൽ. സൗരയൂഥത്തിന് പുറത്തുള്ള ഇത്തരം ഗ്രഹങ്ങളെ എക്സോപ്ലാനറ്റുകൾ എന്നാണ് വിളിക്കുന്നത്. കെപ്ലർ-385 സിസ്റ്റത്തിന്റെ മധ്യഭാഗത്ത് സൂര്യനെപ്പോലെ ഒരു നക്ഷത്രമുണ്ട്. എന്നാൽ സൗരയൂഥത്തിലെ സൂര്യനേക്കാൾ പത്ത് ശതമാനം വലുപ്പവും അഞ്ച് ശതമാനം ചൂടും ഇതിന് കൂടുതലാണ്. സംവിധാനത്തിലെ ഗ്രഹങ്ങൾക്ക് ഭൂമിയേക്കാൾ വലുപ്പമുണ്ട്. പാറ നിറഞ്ഞ പ്രതലമാണ് ഇവയ്ക്ക്. പുറത്തുള്ള അഞ്ച് ഗ്രഹങ്ങൾക്ക് കട്ടിയായ അന്തരീക്ഷവുമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
നിലവിൽ സേവനത്തിലല്ലാത്ത ബഹിരാകാശ ദൂരദർശിനിയാണ് കെപ്ലർ. 2013-ൽ ഇതിന്റെ പ്രാഥമിക നിരീക്ഷണങ്ങൾ അവസാനിച്ചു. തുടർന്ന് K2 എന്നറിയപ്പെടുന്ന ദൗത്യം 2018 വരെ തുടർന്നു. കെപ്ലർ ശേഖരിച്ച ഓരോ വിവരങ്ങളും ക്ഷീരപഥത്തെ കുറിച്ച് അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് നൽകുന്നത്. സൗരയൂഥത്തിനപ്പുറമുള്ള വൈവിധ്യമാർന്ന ലോകത്തെ കുറിച്ചുള്ള കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇത്തരം ടെലിസ്കോപ്പുകൾ നൽകുമെന്നാണ് പ്രതീക്ഷ.















