ടെൽ അവീവ് : ഹമാസിന്റെ ഭീകരാക്രമണത്തിന് പിന്നാലെ തങ്ങളുടെ രാജ്യത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പാലസ്തീനികളെ പുറത്താക്കാൻ തീരുമാനിച്ച് ഇസ്രായേൽ . ഇത്തരത്തിൽ പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഒരു ലക്ഷം ഇന്ത്യക്കാർക്ക് ഇസ്രായേൽ ജോലി നൽകും.
1 ലക്ഷം തൊഴിലാളികളെ അടിയന്തിരമായി ആവശ്യമുണ്ടെന്ന് ഇന്ത്യയെ അറിയിച്ചതായും ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഇസ്രായേൽ പാലസ്തീൻകാർക്ക് തൊഴിൽ പെർമിറ്റ് നൽകുന്നില്ല. 42,000 ഇന്ത്യക്കാരെ ഇസ്രായേലിൽ ജോലിക്ക് അയയ്ക്കാൻ ഇന്ത്യ ഇതിനകം സമ്മതിച്ചിട്ടുണ്ട്. ഇതിനായി 2023 മേയിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു. ഇപ്പോൾ അത് കൂടാതെ ഒരു ലക്ഷം തൊഴിലാളികളെ കൂടി ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇസ്ലാമിക ഭീകര സംഘടനയായ ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമിക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു . ഇതിന് മറുപടിയായി, ഗാസയിലെയും പാലസ്തീനിലെയും ജനങ്ങൾക്ക് ഇസ്രായേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പാലസ്തീനിലെയോ ഗാസയിലെയോ തൊഴിലാളികളെ അപേക്ഷിച്ച് ഇസ്രായേലിലെ പാലസ്തീൻ തൊഴിലാളികൾ കൂടുതൽ വരുമാനം ലഭിക്കുന്നവരാണ് . എന്നാൽ, ആക്രമണത്തിന് ശേഷം, ഇവരെ വിശ്വാസിക്കാൻ കഴിയില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട് . അതിനാൽ അവരെ നീക്കം ചെയ്യാനും ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ എത്തിക്കാനുമാണ് തീരുമാനം.
നിലവിൽ 18,000 ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലുണ്ട്. ഇസ്രായേലിലെ ഐടി പോലുള്ള മേഖലകളിലും ധാരാളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.