തിരുവനന്തപുരം: സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് കേരളീയം പരിപാടി നടത്തുമ്പോൾ സംസ്ഥാനത്ത് ജനങ്ങളാകെ കഷ്ടപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സപ്ലൈകോയിൽ സാധനങ്ങളില്ല. വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു. തൊഴിലാളികൾക്ക് ബോണസില്ല. അദ്ധ്യാപകർക്കും ജീവനക്കാർക്കും ഡിഎ കൊടുക്കാൻ കഴിയുന്നില്ല. കെഎസ്ആർടിസിയിൽ ശമ്പളമില്ല, പെൻഷനില്ല. അതുപോലെ തന്നെ തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായി. ജല ജീവൻ മിഷൻ പദ്ധതി സ്തംഭിച്ചിരിക്കുകയാണ്. വലിയ ധൂർത്തും കൊള്ളയുമാണ് ഈ വറുതിയുടെ കാലത്ത് നടത്തുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
‘കഴിഞ്ഞ ആഴ്ച കേന്ദ്ര ധനകാര്യ മന്ത്രിയെ സംസ്ഥാന ധനകാര്യ മന്ത്രി കണ്ടിരുന്നു. ഡൽഹിയിൽ പോയി കണ്ട സമയത്ത് സംസ്ഥാനത്തിന് കുടിശ്ശിക കിട്ടാനുണ്ട് എന്നുള്ള കാര്യമോ കേരളത്തിന് ലഭിക്കേണ്ട നികുതി വരുമാനം വെട്ടിക്കുറച്ചു എന്നുള്ള കാര്യമോ അദ്ദേഹം അവിടെ പറഞ്ഞിരുന്നില്ല. അദ്ദേഹം കൂടുതൽ സഹായങ്ങൾ ആവശ്യപ്പെടുകയാണ് ചെയ്തത്. കേരളത്തിന് നിയമപരമായി ഒന്നും തന്നെ ഇനി ലഭിക്കാനില്ല. ഇതെല്ലാം കിട്ടിയിട്ടും പുറത്ത് വന്ന് ഒന്നും കിട്ടിയില്ല എന്ന് ധനമന്ത്രി പറയുന്നത് വെറും നാലാംകിട രാഷ്‌ട്രീയം മാത്രമാണ്. ഇവിടെ എന്തുകൊണ്ടാണ് ഉച്ചക്കഞ്ഞി മുടങ്ങിയത് എന്ന് ബാലഗോപാൽ പറയണ്ടേ?
കെഎസ്ആർടിസി ഒന്നും മര്യാദയ്‌ക്ക് നടത്താൻ കഴിയാത്തതിന്റെ ഉത്തരവാദിത്വം മോദി സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ഒരു നാണമില്ലേ ഈ ബാലഗോപാലിന്?
ഈ സർക്കാരിന്റെ അഴിമതി തുറന്നു കാണിക്കുമ്പോൾ കരുവന്നൂർ അടക്കമുള്ള കേസുകൾ ശക്തമായി മുമ്പോട്ട് കൊണ്ടുപോകുമ്പോൾ എന്നാ പിന്നെ ബിജെപിക്കാരെയും കുടുക്കാം എന്നുള്ള ഒരു ധാരണയിലാണ് പിണറായി വിജയൻ. അതൊന്നും വിലപ്പോവില്ല എന്ന് മാത്രമേ പറയാനുള്ളൂ. ഇത്തരം രാഷ്‌ട്രീയ സ്റ്റണ്ടുകൾ ഒന്നും ഞങ്ങളെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല’- എന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.















