ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം, അപ്പോൾ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിലോ? മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എസ് ശ്രീശാന്തും ഗൗതം ഗംഭീറും ഉറക്കത്തെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. ശരിയായ ഉറക്കത്തിന്റെ പ്രധാന്യത്തെ കുറിച്ചും ഇത് മത്സരങ്ങളിൽ സഹായിച്ചത് എങ്ങനെയെന്നുമാണ് ഇരുവരും പറഞ്ഞത്.
രാത്രി യാത്രകളിൽ ഉറക്കം ശരിയായി ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും 6-8 മണിക്കൂർ ശരിയായ ഉറക്കം ലഭിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ആറ് മണിക്കൂർ ആഴത്തിലുള്ള ഉറക്കം ആവശ്യമാണ്. അതിന് ശേഷമുളള രണ്ട് മണിക്കൂർ ഉറക്കം യാത്ര ചെയ്യുമ്പോൾ പവർ നാപ്പിന്റെ രൂപത്തിലെടുക്കാം. ശ്രീശാന്ത് പറഞ്ഞു.
ഇതിനെ പിന്തുണച്ചു കൊണ്ട് ഗംഭീറും രംഗത്തെത്തി. വിമാനങ്ങളിൽ യാത്ര ചെയ്യുന്ന വേളയിൽ ഞാൻ പവർ നാപ്പ് എടുത്തിട്ടുണ്ട്. കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യാൻ ഇത് അത്യാവശ്യമാണ്. 2009ൽ ന്യൂസിലൻഡിനെതിരെ നേപ്പിയറിൽ നടന്ന ടെസ്റ്റിൽ എനിക്ക് മികച്ച പ്രകടനം പുറത്തിറക്കാൻ ഉറക്കം സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് ഉണർന്നതും ഉറങ്ങിയതും മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ എന്നെ സഹായിച്ചെന്നും ഗംഭീർ പറഞ്ഞു.
കളിക്കാർ വിദേശയാത്ര നടത്തുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ജെറ്റ്ലാഗെന്നും അത് ശരിയായ ഉറക്കം ലഭിക്കാതിരിക്കാൻ കാരണമാകുന്നുണ്ട്. എല്ലാവർക്കും അവർ ഉറങ്ങുന്ന സമയം പ്രധാനപ്പെട്ടതാണെന്നും താരം കൂട്ടിച്ചേർത്തു.
‘നിങ്ങൾ വെസ്റ്റ് ഇൻഡീസിലോ ഓസ്ട്രേലിയയിലോ ന്യൂസിലാന്റിലോ പോകുമ്പോൾ, സമയവ്യത്യാസം വളരെ കൂടുതലാണ്, ആ രാജ്യത്തെ സമയത്തിനനുസരിച്ച് ഉറങ്ങുകയും ഉണരുകയും ചെയ്യേണ്ടി വരും. അവരുടെ സമയത്തിനനുസരിച്ച് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതിനാൽ സ്വയം ഉന്മേഷവാനായിരിപ്പിക്കാൻ എന്നെ സഹായിച്ചു. ഇതിന് ശ്രമിച്ചില്ലെങ്കിൽ ജെറ്റ് ലാഗ് കൂടുതലായിരിക്കുമെന്നും ഗംഭീർ പറഞ്ഞു. വെസ്റ്റ് ഇൻഡീസിൽ മത്സരത്തിനായി എത്തിയപ്പോൾ ലാൻഡിംഗ് കഴിഞ്ഞ ഉടനെ ഞങ്ങൾ ഓടാൻ പോയി. അതിന് ശേഷം ഭക്ഷണവും കുളിയും കഴിഞ്ഞാണ് ഞങ്ങൾ ഉറങ്ങിയത്. ശ്രീശാന്തും വ്യക്തമാക്കി.