സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE) നടത്തുന്ന സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (C-TET) അപേക്ഷ ക്ഷണിച്ചു. എട്ടാംക്ലാസ് വരെയുള്ള സ്കൂൾ അധ്യാപക യോഗ്യത നിർണയത്തിനായിട്ടാണ് ഈ പരീക്ഷ നടത്തുന്നത്. നവംബർ 23 നാണ് അപേക്ഷ നൽകേണ്ട അവസാന തീയതി. 2024 ജനുവരി 21-നാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, എന്നിവടങ്ങളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.
രണ്ടര മണിക്കൂറാണ് പരീക്ഷയുടെ സമയ ദൈർഘ്യം. ഇതിൽ രണ്ട് പേപ്പറുകളാണ് ഉള്ളത്. രണ്ട് പേപ്പറിലേക്കും അപേക്ഷിക്കുന്നവർ രണ്ട് പരീക്ഷയും എഴുതിയിരിക്കണം. രാവിലെ നടക്കുന്ന പേപ്പർ- II പരീക്ഷയിൽ ആറുമുതൽ ഏട്ടാംക്ലാസുവരെയുള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും ഉച്ചയ്‌ക്കുശേഷം പേപ്പർ-I ൽ ഒന്നുമുതൽ അഞ്ചാംക്ലാസുവരെയുള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും പരീക്ഷ എഴുതാം.
ജനറൽ, ഒ.ബി.സി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറിന് 1200 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷി/എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ട് പേപ്പറിന് 600 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. www.ctet.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാനാവും.














