ജനപ്രിയ നായകൻ ദിലീപ് വൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ബാന്ദ്ര നാളെ പ്രദർശനത്തിനെത്തും. ചിത്രത്തിനായി ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ അലൻ അലക്സാണ്ടർ ഡൊമിനിക്കായി ദിലീപ് എത്തുമ്പോൾ നായിക താരാ ജാനകിയായി തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് വേഷമിടുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും പ്രമേയമാകുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. പാൻ ഇന്ത്യൻ താരനിരയാണ് ചിത്രത്തിനായി അണി നിരന്നിരിക്കുന്നത്. തമിഴ് നടൻ ശരത് കുമാർ. ബോളിവുഡ് നടൻ ദിനോ മോറിയ, രാജ്വീർ അങ്കൂർ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, മമ്ത മോഹൻദാസ്, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ദിലീപും തമന്നയും മറ്റ് അണിയറപ്രവർത്തകരും ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. അലൻ എന്ന സാധാരണക്കാരനും താരാ ജാനകിയും തമ്മിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബാന്ദ്രയെന്നും സിനിമാസ്വാദകർക്ക് ചിത്രം ഏറെ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായകൻ അരുൺ ഗോപി വ്യക്തമാക്കി.