ആലപ്പുഴ: എസ്ഡിപിഐ ബന്ധത്തെ തുടർന്ന് സിപിഎം ലോക്കൽ സെക്രട്ടറിയ്ക്ക് എതിരെ നടപടി. എന്ഡിപിഐ നേതാക്കളുമായുളള ബന്ധത്തെ തുടർന്നാണ് ചെറിയനാട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെിരെ പാർട്ടി നടപടിയെടുത്തത്. എസ്ഡിപിഐയുമായുളള വഴി വിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് സെക്രട്ടറി ഷീദ് മുഹമ്മദിന് പാർട്ടി നിർബന്ധിത അവധി നൽകിയത്. ഷീദിന്റെ എസ്ഡിപിഐ നേതാവുമായുള്ള ബന്ധം പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ വിമർശനത്തിന് കാരണമായിരുന്നു. എസ്ഡിപിഐ നേതാവിന്റെ ഹോട്ടൽ സംരംഭത്തിൽ ഇദ്ദേഹം പങ്കാളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ എസ്ഡിപിഐ നേതാവുമായി തനിക്ക് ബന്ധമില്ലെന്നാണ് ഇദ്ദേഹം പാർട്ടിക്ക് വിശദീകരണം നൽകിയിരുന്നത്.
ഷീദിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ ഉൾപാർട്ടി പോര് രൂക്ഷമായിരുന്നു. നടപടിയെടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് 38 അംഗങ്ങളാണ് ചെറിയനാട് ലോക്കൽ കമ്മിറ്റിയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെച്ചത്. തുടർന്നാണ് ഷീദ് മുഹമ്മദിന് പകരം കെഎസ് ഗോപിനാഥന് ലോക്കൽ കമ്മിറ്റിയുടെ ചുമതല നൽകിയത്. എസ്ഡിപിഐ നേതാവിന് പങ്കാളിത്തമുള്ള ഹോട്ടൽ സംരഭം ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂർ എംഎൽഎയും മന്ത്രിയുമായ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് ഉദ്ഘാടനത്തിനായി മന്ത്രിയെ ക്ഷണിച്ചത്. എന്നാൽ ചടങ്ങിൽ എസ്ഡിപിഐ നേതാക്കളടക്കം പങ്കെടുത്തിരുന്നു.