ആലപ്പുഴ: വാങ്ങുന്ന നെല്ലിന് നൽകുന്ന വിലയെ ചൊല്ലി സപ്ലൈകോ ഹൈക്കോടതിയ്‌ക്ക് നൽകിയ ഉറപ്പ് വെറും പാഴ്വാക്കായിരുന്നുവെന്ന യാഥാർത്ഥ്യം വെളിപ്പെടുകയാണ് കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യയിലൂടെ. സംഭരിച്ച നെല്ലിന് കർഷകർക്ക് ബാങ്ക് വഴി നൽകുന്നത് ലോൺ അല്ലെന്നായിരുന്നു സപ്ലൈക്കോയുടെയും കേരളത്തിലെ സർക്കാരിന്റേയും നിലപാട്. സർക്കാരുമായുള്ള ധാരണ അനുസരിച്ച് ലോൺ എടുക്കുന്നത് സപ്ലൈകോ ആണെന്നും കോടതിയെ ധരിപ്പിച്ചിരുന്നു. കർഷകർക്ക് ഇത് ബാധ്യതയാകില്ലെന്നും സപ്ലൈകോ ഹൈക്കോടതിയ്‌ക്ക് ഉറപ്പു നൽകി.
കർഷകർക്ക് നൽകുന്ന പണം സപ്ലൈകോയുടെ ലോൺ ആയി കണക്കാക്കും എന്നായിരുന്നു സർക്കാരിന്റെ വ്യാജവാദം. എന്നാൽ ലോൺ എടുക്കുന്നത് സപ്ലൈകോ ആണെങ്കിൽ കർഷകർക്ക് നേരിട്ട് പണം നൽകാതെ അവരെ ബാങ്കിൽ അയക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചിരുന്നു. കർഷകർക്ക് ബാങ്ക് വഴി നൽകുന്ന പണം ക്രെഡിറ്റ് സ്കോറിനെ ബാധിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ സപ്ലൈകോയും കേരള സർക്കാരും ഈ വിഷയത്തിൽ ഇതുവരെ പറഞ്ഞതൊക്കെയും പച്ചക്കള്ളമായിരുന്നു എന്നാണ് ഇപ്പോൾ തെളിയുന്നത്. അത് കൂടാതെ നെല്ല് സംഭരണത്തെ തുടർന്ന് കർഷകർക്ക് നൽകുന്ന പണം ലോൺ അല്ലെന്നു പറഞ്ഞു ഹൈക്കോടതിയെയും ഇവർ തെറ്റിദ്ധരിപ്പിച്ചു എന്നതും വ്യക്തമാകുന്നു.
ഈ വിഷയം ഹൈക്കോടതി ഉടൻ ചോദ്യം ചെയ്യാനാണ് സാധ്യത. കോടതിയ്‌ക്ക് നൽകിയ ഉറപ്പ് ലംഘിച്ച സപ്ലൈകോയ്‌ക്കെതിരെ കൂടുതൽ നടപടിയെടുക്കാനും സാധ്യതയുണ്ട്. കോടതിയലക്ഷ്യ നടപടിയോ കോടതിയെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിച്ചതിനുള്ള മറ്റു നിയമ നടപടിയോ ഉണ്ടാകാൻ സാധ്യതയുമുണ്ട്.