തിരുവനന്തപുരം: കളക്ടറുടെ പേരിലും വ്യാജന്മാരുടെ തട്ടിപ്പ്. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം. കളക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമ്മിച്ച് സന്ദേശങ്ങൾ അയക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം കളക്ടർ ജെറോമിക് ജോർജ് തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്.
‘ഞാൻ ഒരു നമ്പർ ഫോൺ പേ അയയ്‌ക്കുന്നു. നിങ്ങൾക്ക് ഉടൻ 50,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ. ഒരു മണിക്കൂറിനുള്ളിൽ ഞാൻ നിങ്ങളുടെ പണം തിരികെ നൽകും.” എന്നാണ് കളക്ടറുടെ വ്യാജ അക്കൗണ്ടുകളിലൂടെ എത്തുന്ന സന്ദേശം. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ഈ അക്കൗണ്ടിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.