ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടി വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയും.. നെതർലാൻഡ്സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. എന്നാൽ മത്സരത്തിൽ വീണ്ടും ക്രിക്കറ്റ് ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് കിംഗ് കോഹ്ലി. ലോകകപ്പിൽ മിന്നും ഫോമിലുളള കോഹ്ലി ഏഴ് തവണയാണ് അർദ്ധസെഞ്ച്വറിയോ അതിന് മുകളിലോ നേടുന്നത്. ഇതോടെ ഒരു ഏകദിന ലോകകപ്പിൽ കൂടുതൽ ഫിഫ്റ്റി പ്ലസ് സ്കോറെന്ന റെക്കോർഡിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പമെത്താൻ കോഹ്ലിക്ക് സാധിച്ചിരിക്കുകയാണ്. നെതർലാൻഡ്സിനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയതോടെയാണ് താരം ഇൗ നേട്ടം സ്വന്തമാക്കിയത്. 2003-ലെ ലോകകപ്പിലാണ് സച്ചിൻ ഈ നേട്ടത്തിലെത്തിയത്. ഏകദിനത്തിൽ കോഹ്ലി നേടുന്ന 71-ാം അർദ്ധശതകമാണിത്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും സച്ചിന്റെ പേരിലാണ്. ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ 594 റൺസുമായി തലപത്തിരിക്കുന്ന കോഹ്ലിക്ക് ഈ റെക്കോർഡ് മറികടക്കാനുളള സാഹചര്യവുമുണ്ട്. 2003ലെ ലോകകപ്പിൽ 673 റൺസാണ് മാസ്റ്റർ ബ്ലാസ്റ്റർ നേടിയത്. 2019 ലോകകപ്പിൽ ഷാക്കിബ് അൽ ഹസ്സനും ഈ റെക്കോർഡിൽ മുത്തമിട്ടിരുന്നു. അഞ്ച് അർദ്ധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
സെമി ഫൈനലിലും അർദ്ധസെഞ്ച്വറി നേടിയാൽ സച്ചിനെയും ഷാക്കിബിനെയും മറികടന്ന് കോഹ്ലിക്ക് പുതിയ റെക്കോർഡ് സൃഷ്ടിക്കാനാവും. 53 പന്തിൽ നിന്ന് 51 റൺസെടുത്താണ് കോഹ്ലിയുടെ മടക്കം. കോഹ്ലിയെ വാൻ ഡെർ മെർവാണ് ടീം സ്കോർ 200ൽ നിൽക്കെ കൂടാരം കയറ്റിയത്.