ഡെറാഡൂൺ: സോമവതി അമാവാസിയോടനുബന്ധിച്ച് ഹരിദ്വാറിലെ ഗംഗാ നദീതീരത്ത് പുണ്യസ്‌നാനം നടത്തി ആയിരങ്ങൾ. പൂർവ്വികർക്ക് വേണ്ടി പ്രാർത്ഥന അർപ്പിച്ചുകൊണ്ടാണ് ഈ ദിനം ഭക്തർ നദീതീരത്ത് പുണ്യസ്‌നാനം ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ഗംഗാ ആരതിയിൽ പങ്കെടുത്തത്.
ഗംഗയിൽ മുങ്ങി സ്‌നാനം നടത്തിയ ശേഷം ദാനം നടത്തുകയും പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിടുകയും ചെയ്തു. സോമവതി അമാവാസി ദിനത്തിൽ പുണ്യനദികളിൽ സ്‌നാനം നടത്തുന്നതും ദാനധർമ്മങ്ങൾ ചെയ്യുന്നതും പുണ്യകാര്യങ്ങൾ ചെയ്യുന്നതിന് സഹായിക്കുമെന്നാണ് വിശ്വാസം. അമാവാസി ദിനത്തിൽ പൂർവികർക്കായി പ്രത്യേക പൂജകളും നടന്നു.
രാജ്യത്ത് സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഭക്തർ പുണ്യസ്‌നാനം ചെയ്ത് ഗംഗയോട് പ്രാർത്ഥിച്ചുവെന്ന് ആചാര്യ പണ്ഡിറ്റ് മനോജ് ത്രിപാഠി പറഞ്ഞു. പൂർവികരെ ഓർമ്മിച്ചുകൊണ്ട് ആചാരാനുഷ്ഠാനങ്ങളും, ദാനധർമ്മങ്ങളും നടത്താനുള്ള ദിവസമാണിതെന്നും അതിനായി എല്ലാവരും ഗംഗാനദീ തീരത്തേക്ക് എത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.