അഹമ്മദാബാദ്: ലോകകപ്പിലെ കലാശപ്പോര് കാണാൻ പ്രധാനമന്ത്രിയും. നവംബർ 19 ഞായറാഴ്ച നടക്കുന്ന ലോകകപ്പ് പോരാട്ടം കാണാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പ്രധാനസേവകനുമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മത്സരം കാണാൻ പ്രധാനമന്ത്രിയും എത്തുമെന്ന് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോ?ഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ലോകകപ്പിലെ ഓരോ മത്സരങ്ങളിലെയും ഇന്ത്യയുടെ വിജയത്തിന് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ നേർന്നിരുന്നു.
ഇന്നലെ നടന്ന ആദ്യ സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ സെമിയിലെത്തിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികൾ. ഈ വർഷം ആദ്യം അഹമ്മദാബാദിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം കാണാനും പ്രധാനമന്ത്രി എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും സ്റ്റേഡിയത്തിലുണ്ടായിരുന്നു.