2003 ലോകകപ്പ് ഫൈനലിലിന്റെ തനിയാവര്‍ത്തനം, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച അരങ്ങേറുന്ന കലാശ പോരിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ അന്നുണ്ടായ ഫലമല്ല 20 വര്‍ഷങ്ങള്‍ക്കിപ്പും 140 കോടി ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ദാദ നയിച്ച ടീം ഇന്ത്യ 125 റണ്‍സിനാണ് അന്ന് ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടത്. മൂന്നാം ലോക കിരീടം ഉയര്‍ത്തിയ ഓസ്‌ട്രേലിയ അന്ന് ഇന്ത്യന്‍ ആരാധകരുടെ നെഞ്ചില്‍ ആഞ്ഞു കുത്തിയുണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല, ഒരു നീറ്റലായ അവശേഷിക്കുന്നു.
20 വര്‍ഷം എണ്ണിയെണ്ണി കാത്തിരുന്ന ആ സുദിനത്തില്‍ രോഹിതും സംഘവും പകരം വീട്ടുമോ എന്ന് കണ്ടുതന്നെ അറിയണം. നോക്കൗട്ട് സ്‌റ്റേജുകളില്‍ സ്ഥിരത പുലര്‍ത്തുന്ന ഓസ്‌ട്രേലിയയെ ഒരിക്കലും വിലകുറച്ച് കാണനാവില്ല. അത് അവർ ഈ സെമിയിലും പലകുറി ഇതിന് മുൻപും തെളിയിച്ചിട്ടുണ്ട്.
ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്ക് മേല്‍ വ്യക്തമായ ആധിപത്യമുണ്ട് ഓസ്‌ട്രേലിയക്ക്. നോക്കൗട്ടിലും ഗ്രൂപ്പ് ഘട്ടത്തിലുമായി 13 തവണ ഏറ്റുമുട്ടിയപ്പോഴും 8 തവണയും വിജയം ഓസീസിനൊപ്പമായിരുന്നു. അതില്‍ ഇന്ത്യന്‍ ആരാധകര്‍ കണ്ണീരണിഞ്ഞ മൂന്ന് ദയനീയ പരാജയങ്ങളെക്കുറിച്ചറിച്ചൊന്ന് നോക്കാം.
1992 ലോകകപ്പ് (ഗ്രൂപ്പ്ഘട്ടം) 1 റണ്‍ തോല്‍വി
ഡീന്‍ ജോണ്‍സും ഡേവിഡ് ബൂണും തകര്‍ത്തടിച്ചപ്പോള്‍ അന്നത്തെ ഭേദപ്പെട്ട ട്ടോടലില്‍ ഓസ്‌ട്രേലിയ എത്തി. ജോണ്‍സ് (90), ബൂണ്‍ (43) എന്നിവരുടെ മികവില്‍ 237 റണ്‍സാണ് അവര്‍ ചേര്‍ത്തത്. മറുപടി ബാറ്റിംഗില്‍ അസ്ഹറുദ്ദീന്‍ ഒറ്റയാള്‍ പോരാട്ടം നയിച്ചു. 93 റണ്‍സുമായി അസ്ഹര്‍ ടോപ് സ്‌കോററായി. ഇന്ത്യക്ക് അവസാന ഓവറില്‍ വേണ്ടത് 13 റണ്‍സ്. കിരണ്‍മോറെ തുടര്‍ച്ചയായി രണ്ടു ബൗണ്ടറിയടിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. നാലു പന്തില്‍ ജയിക്കാന്‍ വേണ്ടത് 4 റണ്‍സ്. എന്നാല്‍ അടുത്ത പന്തില്‍ മോറെ വീണു. പിന്നീട് എടുക്കാനായത് മൂന്ന് റണ്‍സ്.ഫലം ഒരു റണ്‍ തോല്‍വി.
2003 ലോകകപ്പ് ഫൈനല്‍ തോല്‍വി
ഇന്ത്യ 20 വര്‍ഷമായി മറക്കാത്ത ഏറ്റവും വലിയ വേദനയായിരുന്നു 2003 ലെ കലാശ പോര്. തുടര്‍ച്ചയായ എട്ടു വിജയങ്ങള്‍ക്ക് ശേഷം ഒരു കൈ അകലെയായിരുന്നു ലോകകപ്പിലെ കനകകിരീടം. എന്നാല്‍ ഓസ്‌ട്രേലിയ ആ സ്വപ്‌നം സമ്പൂര്‍ണ ആധിപത്യത്തോടെ തല്ലിക്കെടുത്തി. 359 റണ്‍സിന്റെ റണ്‍മലയാണ് ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മൈറ്റി ഓസ്്‌ട്രേലിയക്ക് മുന്നില്‍ മുട്ടുകുത്താനായിരുന്നു വിധി. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ സച്ചിനടക്കം ഒന്നും ചെയ്യാനാകാതെ കളം വിട്ട മത്സരത്തില്‍ ഇന്ത്യക്ക് 125 റണ്‍സ് തോല്‍വി.
2015 ലോകകപ്പ് സെമി- 95 റണ്‍സ് തോല്‍വി
ഓസ്‌ട്രേലിയയില്‍ നടന്ന സെമിക്ക് മുമ്പ് വരെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഇന്ത്യക്ക് തന്നെയായിരുന്നു പ്രതീക്ഷകള്‍ ഏറെയും. എന്നാല്‍ എം.എസ് ധോണി നയിച്ച ഇന്ത്യന്‍ ടീം ബൗളിംഗിലും ബാറ്റിംഗിലും തകര്‍ന്നടിയുകയായിരുന്നു. 329 റണ്‍സ് ചേസ് ചെയ്ത നീലപ്പട 233 റണ്‍സ് ഔള്‍ഔട്ടായി. അതോടെ ലോകകപ്പില്‍ നിന്നും വേദനയോടെ പുറത്തേക്കും.
………ആർ.കെ രമേഷ്……..