ന്യൂഡൽഹി: യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് അപലപനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സംഭവങ്ങൾ ആഗോളതലത്തിൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീനിലെ ജനങ്ങൾക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ ഭാരതം നൽകിയിട്ടുണ്ട്. ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിൽ നടക്കുന്ന പ്രശ്‌നങ്ങൾ നാം കാണുന്നുണ്ട്. കാരണങ്ങൾ കൂടാതെ ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഈ വിഷയത്തിൽ ഇരുകൂട്ടരും സംയമനം പാലിക്കണമെന്നും നയതന്ത്ര ബന്ധത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ -ഹമാസ് യുദ്ധത്തിനിടെ ഉണ്ടാകുന്ന സാധാരണക്കാരുടെ മരണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും മോദി പറഞ്ഞു.
പാലസ്തീൻ പ്രസിഡന്റ് മെഹമൂദ് അബ്ബാസിനോട് സംസാരിച്ചതിന് ശേഷം അവിടുത്തെ ജനങ്ങൾക്ക് ആവശ്യമായ മാനുഷിക സഹായങ്ങൾ രാജ്യം നൽകിയിരുന്നു. ആഗോള നന്മയ്‌ക്കായി ഗ്ലോബൽ സൗത്തിലെ മുഴുവൻ രാജ്യങ്ങളും ഒരുമിച്ചു നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.