140 ദശലക്ഷം വർഷം പഴക്കമുള്ള ഡിനോസർ കാൽപ്പാടുകൾ ഇംഗ്ലണ്ടിൽ കണ്ടെത്തി. 36 അടി നീളമുള്ള പാടുകളാണ് കണ്ടെത്തിയത്. ഇഗ്വാനോഡൻ ഡിനോസറിന്റെ കാൽപ്പാടുകളാണിതെന്നാണ് പ്രാഥമിക നിഗമനം. നാഷണൽ ട്രസ്റ്റ് ഫോറസ്റ്റ് റേഞ്ചറായ സോഫി ഗൈൽസ് ആണ് ഡിനോസർ കാൽപ്പാടുകൾ അപ്രതീക്ഷിതമായി കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ഡോർസെറ്റിലുള്ള പൂൾ ഹാർബറിന് സമീപം ബ്രൗൺ കാസ്റ്റിലിനടുത്ത് രാവിലെ നടക്കാൻ പോയപ്പോഴായിരുന്നു സംഭവം.
മെസോസോയിക യുഗത്തിൽ കാണപ്പെട്ടിരുന്ന ഇഗ്വാനോഡൻ ഡിനോസറിന്റെ 140 ദശലക്ഷം പഴക്കമുള്ള കാൽപ്പാടുകളാണിത്. 157-93 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ ഡിനോസർ ഭൂമിയിൽ ജീവിച്ചിരുന്നതെന്നാണ് കരുതുന്നത്. കാൽപ്പാടുകൾ കണ്ടെത്തിയ പ്രദേശം ഒരുകാലത്ത് ഉഷ്ണമേഖലാ വനങ്ങളും ചതുപ്പുനിലങ്ങളും നിറഞ്ഞതായിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം മഴയും മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും നേരിട്ടതിന് പിന്നാലെ ആ കാൽപ്പാട് ഫോസിലായി മാറിയെന്നാണ് കണ്ടെത്തൽ.
സമ്പന്നമായ ജുറാസിക് ചരിത്രത്തിന് പേരുകേട്ട മേഖലയാണ് ഇംഗ്ലണ്ടിലെ ബ്രൗൺ കാസ്റ്റിൽ. ഇവിടെ പ്രതിവർഷം ആയിരക്കണക്കിന് ഡിനോസർ കാൽപ്പാടുകൾ കണ്ടെത്താറുണ്ട്. ലോകത്തെമ്പാടുമുള്ള ഫോസിൽ വിദഗ്ധർ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നതിന് ഇവിടേക്ക് ഒഴുകിയെത്തുന്നതും പതിവാണ്.