നിരവധി സേവിംഗ്‌സ് പദ്ധതികളാണ് ഇന്ന് രാജ്യത്തെ പൗരന്മാർക്ക് വേണ്ടി സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ പൊതുജനങ്ങൾക്ക് മികച്ച സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കുന്നു. ഇത്തരത്തിൽ പ്രതി ദിനം വെറും 89 രൂപ മാറ്റിവെയ്‌ക്കുകയാണ് എങ്കിൽ ആറ് ലക്ഷം രൂപയോളം സ്വന്തമാക്കാം. എന്നാൽ ഈ പദ്ധതികളിൽ സ്ത്രീകൾക്ക് മാത്രമേ അംഗമാകാനാകൂ. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു പദ്ധതിയാണ് ആധാർ ശില പ്ലാൻ. ഈ പ്ലാനിലൂടെയാണ് മികച്ച റിട്ടേൺ ലഭ്യമാകുന്നത്.
സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ മുൻ നിർത്തിയാണ് എൽഐസി ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഓഹരി വിപണിയിൽ ബന്ധിപ്പിക്കാത്ത പരമ്പരാഗത പദ്ധതിയാണിത്. കാലാവധി കഴിയുമ്പോഴാണ് ഗ്യാരണ്ടീഡ് റിട്ടേൺ ലഭിക്കുന്നത്. പെൺമക്കളുള്ള രക്ഷിതാക്കൾക്ക് ചേരാൻ പറ്റുന്ന പോളിസികളിൽ ഒന്നാണിത്.
എട്ട് വയസ് മുതൽ 55 വയസുവരെയാണ് ആധാർ ശില പ്ലാനിൽ ചേരാൻ സാധിക്കുക. ഏറ്റവും കുറഞ്ഞത് 10 വർഷവും പരമാവധി 20 വർഷവും പോളിസിയുടെ പ്രീമിയം അടയ്‌ക്കാനാകും. പരമാവധി മെച്യൂരിറ്റി പ്രായം 70 വയസാണ്. നിക്ഷേപകർക്ക് കുറഞ്ഞത് രണ്ട് ലക്ഷം രൂപ മുതൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരഞ്ഞെടുക്കാവുന്നതാണ്. 55 വയസുള്ള ഒരു സ്ത്രീ 15 വർഷത്തേക്ക് പ്രതിദിനം 89 രൂപ നിക്ഷേപിച്ചാൽ നിക്ഷേപത്തിന്റെ ആദ്യ വർഷം അവസാനിക്കുമ്പോൾ ആകെ നിക്ഷേപം 32,315 രൂപയായിരിക്കും.
15 വർഷം കൊണ്ട് നിക്ഷേപിച്ച തുക 4,74,981 രൂപ 70 വയസിൽ ഇൻഷ്വർ ചെയ്ത ആൾക്ക് മൊത്തം ആറ് ലക്ഷം രൂപ ലഭിക്കും. 25 വയസുള്ളവർ പ്രതിമാസം 76 രൂപ നിക്ഷേപിച്ചാൽ മതിയാകും. 15 വർഷം കൊണ്ട് 4,04,978 രൂപ അടയ്‌ക്കണം. ഇതിലൂടെ ആറ് ലക്ഷം രൂപയാകും. പ്രതിമാസം അല്ലെങ്കിൽ വാർഷികം, അർദ്ധവാർഷികം, ത്രൈമാസം എന്നിങ്ങനെയാണ് പണം നിക്ഷേപിക്കേണ്ടത്. പോളിസി എടുക്കുമ്പോൾ തന്നെ പണം അടയ്‌ക്കുന്ന രീതിയും തിരഞ്ഞെടുത്തിരിക്കണം.