പത്തനംതിട്ട: ലോകകപ്പ് ക്രിക്കറ്റ് ആവേശം സന്നിധാനത്തും. മത്സരത്തിൽ ഭാരതം വിജയിക്കുന്നതിന് വേണ്ടി മാലയിട്ട് മല ചവിട്ടിയിരിക്കുകയാണ് ഒരു കൂട്ടം അയ്യപ്പന്മാർ. തമിഴ്നാട്ടിൽ നിന്നുള്ള സ്വാമിമാരാണ് ഭാരതം വിജയിക്കുന്നതിന് അയ്യപ്പനോട് പ്രാർത്ഥിക്കാൻ ശബരിമലയിൽ എത്തിയത്. അതേസമയം പതിനെട്ടാം പടിയിൽ തേങ്ങ പെറുക്കുന്ന ജീവനക്കാർ ഹെൽമെറ്റ് ഇട്ട് വന്നാണ് ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായത്.
ഇന്നാണ് ലോകകപ്പ് ഫൈനൽ നടക്കുന്നത്. ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിൽ പിച്ചിലെ ഭാഗ്യം ആർക്കൊപ്പമായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. ടൂർണമെന്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഫൈനലിന് ടിക്കറ്റെടുത്ത ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ മത്സരം കാണാനായി നിരവധി രാഷ്ട്രിയ-സിനിമാ താരങ്ങൾ ഇതിനോടകം അഹമ്മദാബാദിലെത്തിയിട്ടുണ്ട്.