ആലപ്പുഴ: മരണത്തിന്റെ ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് നീന്തി കയറിയ യുവാവിന് നാടിന്റെ സ്‌നേഹാദരവ്. പുന്നപ്ര സ്വദേശി അലക്‌സ് ജോസഫിനെയാണ് ആദരിച്ചത്. അഞ്ച് മണിക്കൂറോളമാണ് അലക്‌സ് കടലിൽ നീന്തിയത്. ജോത്യസ് പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആദരവ്.
ഈ മാസം എട്ടിനായിരുന്നു സംഭവം. മത്സ്യബന്ധനത്തിനിടെ ഉറക്കത്തിൽ അലക്‌സ് കടലിൽ വീഴുകയായിരുന്നു. എന്നാൽ അലക്‌സ് കടലിൽ വീണത് മറ്റുള്ളവർ അറിഞ്ഞില്ല. വെള്ളത്തിൽ വീണ അലക്‌സ് അഞ്ച് മണിക്കൂറോളം നീന്തി. മറ്റൊരു വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നവരാണ് അലക്‌സിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. നീന്തി അവശനായ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.