സ്വന്തം നിലപാട് കൊണ്ട് മലയാള സിനിമയിൽ വേറിട്ട വഴിയിൽ സഞ്ചരിച്ചയാളാണ് നടൻ തിലകൻ. അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത് എണ്ണിയാൽ തീരാത്ത വേഷങ്ങളാണ്. അച്ഛനായും അപ്പൂപ്പനായും നിരവധി കഥാപാത്രങ്ങൾ ചെയ്ത അദ്ദേഹം വ്യക്തി ജീവിതത്തിൽ എങ്ങനെയായിരുന്നു പറയുകയാണ് മകൻ ഷോബി തിലകൻ.
അവിശ്വാസിയായിരുന്ന അച്ഛൻ അവസാന നാളുകളിൽ വിശ്വാസങ്ങളെ എതിർത്തിരുന്നില്ല. അന്ധവിശ്വാസത്തെ അദ്ദഹം മരിക്കും വരെ എതിർത്തിരുന്നു. എന്നാൽ അച്ഛൻ കുടുംബാംഗങ്ങളുടെ വിശ്വാസങ്ങൾക്ക് ഒരിക്കലും എതിര് നിന്നില്ലെന്നും ഷോബി തിലകൻ പറയുന്നു.
ഓച്ചിറയിൽ കുടുംബവുമായി ഭജനയ്‌ക്കായി എത്തിയപ്പോഴാണ് ഷോബി തിലകൻ അച്ഛനെ കുറിച്ച് മനസ് തുറന്നത്.
ഭാര്യ ശ്രീലേഖ, മകൻ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ എന്നിവരാണ് ദേവസ്വം ബോർഡിന്റെ മഠത്തിൽ ഭജനമിരിക്കുന്നത്. കുടുംബത്തോടൊപ്പം പന്ത്രണ്ടു ദിവസവും ഭജനം പാർക്കാൻ ആഗ്രഹമുണ്ടെങ്കിലും തിരക്കുമൂലം കഴിയാറില്ലെന്നും ഷോബി പറഞ്ഞു. ഇത്തവണ പരമാവധി ദിവസം പരബ്രഹ്‌മത്തിന്റെ മുന്നിൽ ഭജനമിരിക്കണമെന്നാണ് ആഗ്രഹം. അതിനാൽ സീരിയൽ ഡബ്ബിംഗ് ഓച്ചരയിലേക്ക് പറഞ്ഞ് മാറ്റിയിട്ടുണ്ട്. മൂകാംബിക, ഗുരുവായൂർ, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും ഇടയ്‌ക്കിടെ ദർശനം നടത്താറുണ്ടെന്നും ഷോബി കൂട്ടിച്ചേർത്തു.