ശബരിമലയിൽ കളഭാഭിഷേകത്തിന് ഉപയോഗിക്കുന്ന ചന്ദനമെത്തുന്നത് ഇടനിലക്കാരൻ വഴിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മറയൂർ ചന്ദനമെന്ന പേരിൽ ഗുണമേന്മ കുറഞ്ഞ ചന്ദനമാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. മറയൂരിൽ നിന്ന് നേരിട്ട് ലേലത്തിലൂടെ വാങ്ങാമെന്നിരിക്കെയാണ് ഇടനിലക്കാരൻ വഴിയുള്ള ഇടപാട്.
മറയൂർ ചന്ദനമാണ് ഉപയോഗിക്കുന്നതെന്നും എന്നാൽ മാവേലിക്കര സ്വദേശിയിൽ നിന്നാണ് ചന്ദനം വാങ്ങുന്നതെന്നാണ് ബോർഡിന്റെ വിശദീകരണം. ഇയാൾ വാങ്ങുന്ന ചന്ദനത്തിൽ 90 ശതമാനവും ഏറ്റവും ഗുണമേന്മ കുറഞ്ഞ വെള്ളയാണെന്ന് ചന്ദന ഡിപ്പോയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഗുണമേന്മയുള്ള മറയൂർ ചന്ദനത്തിന് 20,000 രൂപയിലധികം വിലയുള്ളപ്പോൾ ഇടനിലക്കാരന് വാങ്ങുന്നത് വെറും 1,200 രൂപയിൽ താഴെ മാത്രം വിലയുള്ള ചന്ദനമാണ്. നികുതിയടക്കമാണ് ഈ വില.
ടെൻഡർ ക്ഷണിക്കാതെയാണ് ചന്ദനം മാവേലിക്കര സ്വദേശിയിൽ നിന്ന് വാങ്ങുന്നത്. ചന്ദനത്തിന് ഒഴികെ മറ്റെല്ലാ സാധനങ്ങൾക്കും ശബരിമലയിൽ ടെൻഡർ വിളിക്കാറുണ്ട്. ദേവസ്വം ഫീസായ 12,500 ഉൾപ്പെടെ ശബരിമലയിൽ കളഭാഭിഷേകത്തിന് ഈടാക്കുന്നത് 38.400 രൂപയാണ്. ഒരു കിലോയിലധികം ചന്ദനമാണ് ഒരു കളഭാഭിഷേകത്തിന് ആവശ്യമായി വരുന്നത്. പ്രതിവർഷം 100 കിലോയിലധികം ചന്ദനമാണ് ശബരിമലയിൽ ആവശ്യമായി വരുന്നത്.
മറയൂർ ചന്ദന ഡിപ്പോയിൽ നിന്ന് വർഷത്തിലൊരിക്കൽ മാത്രാമാണ് കൂടിയ അളവിൽ ചന്ദനം വാങ്ങാൻ വനം വകുപ്പിന്റെ അനുമതിയുള്ളത്. ഗുരുവായൂർ ദേവസ്വം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമുൾപ്പടെയുള്ള ക്ഷേത്രങ്ങൾ നേരിട്ടെത്തിയാണ് കാതലുള്ള ചന്ദനത്തടികൾ വാങ്ങുന്നത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ ലേലത്തിൽ പങ്കെടുത്തിട്ടില്ലെന്നതാണ് വാസ്തവം. ഇടനിലക്കാരൻ വാങ്ങി ദേവസ്വം ബോർഡിന് മറിച്ച് വിൽക്കുന്നതും നിയമവിരുദ്ധമെന്നിരിക്കെയാണ് തിരുവിതാംകൂർ ദേവസ്വത്തിന്റെ അലംഭാവം.















