കോട്ടയം: എത് രൂപത്തിൽ വന്നാലും ഭീകരവാദത്തിന് എതിരായി ശക്തമായ നിലപാട് എടുക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അന്തരാഷ്‌ട്ര വേദികളിൽ ഒരു സംശയവുമില്ലാതെ ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരവാദത്തിന് സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നുള്ള തീരുമാനമാണ് ഇന്ത്യയുടേത്. ഹമാസ് ഭീകരർ നടത്തുന്ന കൊലപാതകങ്ങളെ പോരാട്ടമെന്ന തരത്തിൽ വിശേഷിപ്പിക്കുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാക്കിയതിൽ ഇടത്-വലത് മുന്നണികൾക്ക് പങ്കുണ്ടെന്നും തീവ്രവാദത്തിന് ആദ്യം വളം വച്ച് കൊടുത്തത് ഇഎംഎസിന്റെ മന്ത്രിസഭയാണെന്നും ഹമാസ് ഭീകരതയ്‌ക്കെതിരെ തിരുവല്ലയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ വി.മുരളീധരൻ പറഞ്ഞു.
ഇസ്രായേലിലെ നിരപരാധികളായ ജനങ്ങളെ ഹമാസ് ഭീകരർ കൊന്നൊടുക്കുന്ന സംഭവം ഉണ്ടായപ്പോൾ തന്നെ ആ ഭീകരവാദികൾക്കെതിരാണ് ഇന്ത്യയുടെ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇസ്രായേലിലല്ല ആദ്യമായി നാം ഭീകരവാദം കണ്ടിട്ടുള്ളത്. നമ്മുടെ രാജ്യത്ത് നാം കണ്ടിട്ടുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചിരിക്കുന്ന ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാട് ശക്തമായി എടുക്കും. ഹമാസ് ഭീകരർ നടത്തിയ അക്രമങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടമെന്നാണ് കേരളത്തിൽ പറയുന്നത്. സ്ത്രീകളെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നവരെ, കുഞ്ഞുങ്ങളെ കൊല്ലുന്നവരെ നിലനിൽപ്പിനായുള്ള പോരാട്ടം നടത്തുന്നവരെന്ന് വിശേഷിപ്പിക്കണമെങ്കിൽ കൃത്യമായ ഉദ്ദേശ്യമുണ്ട്.
ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും പാലസ്തീൻ സംരക്ഷണ റാലികളാണ്. ഇന്ത്യയുടെ നിലപാടിൽ നരേന്ദ്രമോദി സർക്കാർ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇസ്രായേലിനും പാലസ്തീനും ഒരുപോലെ നിലനിൽക്കാനുള്ള അവകാശമുണ്ട് എന്നു തന്നെയാണ് ഇന്ത്യയുടെ നിലപാട്. പക്ഷെ, ഹമാസിനെ പോലുള്ള ഭീകരവാദികൾ നടത്തുന്ന കൊടും ക്രൂരതകളെ വെള്ളപൂശാൻ ഇന്ത്യ തയ്യാറല്ല. ഹമാസിന്റെ അക്രമങ്ങളെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ആളുകൾ ഇന്ത്യയുടെ നിലപാടിനെ അപമാനിക്കുകയാണ് ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി കോൺഗ്രസും സിപിഎമ്മും രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമായുള്ള സമീപനങ്ങളാണ് സ്വീകരിക്കുന്നത്.
മുസ്ലീം ലീഗിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്ന സമീപനം ഇഎംഎസിന്റെ കാലത്ത് തുടങ്ങിയതാണ്. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ വേണമെന്നുള്ള മുസ്ലീം ലീഗിന്റെ ആവശ്യം ഇഎംഎസ് നടത്തി കൊടുത്തു. അന്ന് തുടങ്ങിയതാണ് ഭീകരവാദത്തിന് വളം വച്ചുകൊടുക്കുന്ന സമീപനം. അതിന് ശേഷം കോൺഗ്രസും സിപിഎമ്മും മാറി മാറി ലീഗിനെ പ്രോത്സാഹിപ്പിച്ചു. “അവിലും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ” എന്ന് മുദ്രാവാക്യം വിളിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത് അമ്പത് കൊല്ലങ്ങൾക്ക് മുമ്പ് ഇഎംഎസിന്റെ കാലത്ത് മലപ്പുറം ജില്ല എന്ന അവകാശവാദം അംഗീകരിച്ച് കൊടുത്തത് മുതലാണ്. ലീഗിന് മന്ത്രിമാരുടെ എണ്ണം കോൺഗ്രസ് കൂട്ടി കൊടുത്തു. ഭീകരവാദത്തെ പിന്തുണക്കുന്ന വിഭാഗം മുസ്ലീം ലീഗിലുണ്ട്- വി.മുരളീധരൻ.















