ബാങ്കോക്ക് : ലോക ഹിന്ദു കോൺഗ്രസിന് ബാങ്കോക്കിൽ തുടക്കമായി. മാതാ അമൃതാനന്ദമയീദേവിയും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ചേർന്ന് നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
26 വരെയാണ് ലോക ഹിന്ദു കോൺഗ്രസ് നടക്കുന്നത് .ജയസ്യ ആയത്നം ധർമ്മം’ (ധർമ്മം, വിജയത്തിന്റെ ഭവനം) എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം സനാതനധർമ്മം നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നിന്ന് നേരിടാനും , നേട്ടങ്ങൾ ആഘോഷിക്കാനും ഹിന്ദു സമൂഹത്തെ ഊർജ്ജിതപ്പെടുത്തും.
വേൾഡ് ഹിന്ദു ഇക്കണോമിക് ഫോറം, ഹിന്ദു എജ്യുക്കേഷൻ കോൺഫറൻസ്, ഹിന്ദു മീഡിയ കോൺഫറൻസ്, ഹിന്ദു പൊളിറ്റിക്കൽ കോൺഫറൻസ്, ഹിന്ദു വനിതാ യുവജന സമ്മേളനങ്ങൾ, ഹിന്ദു സംഘടനാ സമ്മേളനം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും .
60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം, ഹിന്ദു സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും പര്യവേക്ഷണം ചെയ്യാനും ചർച്ച ചെയ്യാനും ഒരു സമഗ്രമായ വേദിയൊരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിനോദ വ്യവസായത്തിൽ ഹിന്ദുക്കൾക്കെതിരായ വിദ്വേഷം നേരിടുക, തീവ്ര ഇടതുപക്ഷവാദം നേരിടുക തുടങ്ങിയ വിഷയങ്ങളിലും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും.
ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുക, മറ്റ് മതസ്ഥരിൽ നിന്നും കയ്യേറ്റക്കാരിൽ നിന്നും ക്ഷേത്രഭൂമി വീണ്ടെടുക്കുക , ലോകമെമ്പാടും ഹിന്ദുക്കൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക , ലോകമെമ്പാടുമുള്ള ഹിന്ദുക്കളിൽ ഒരു പൊതു കാഴ്ചപ്പാടും അഭിലാഷവും സൃഷ്ടിക്കുക എന്നിവയും സമ്മേളനം ലക്ഷ്യം വയ്‌ക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി പ്രൊഫസർ അനുരാഗ് മൈറാൾ, നേപ്പാളിലെ കോടീശ്വരൻ ഉപേന്ദ്ര മഹാദോ, പാക് മനുഷ്യാവകാശ പ്രവർത്തകൻ ഫഖർ ശിവ കാച്ചി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.















