കൊല്ലം: തനിക്ക് വേണ്ടി പ്രാർത്ഥിച്ച് എല്ലാവർക്കും നന്ദി അറിയിച്ച് ആറുവയസുകാരി. അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം വീഡിയോയിലെത്തിയാണ് ഇക്കാര്യം പറഞ്ഞത്. കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു കുട്ടി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ഓൾ എന്നായിരുന്നു കുഞ്ഞിന്റെ പ്രതികരണം.
തിങ്കളാഴ്ച വൈകിട്ട് അക്രമികൾ തട്ടിക്കൊണ്ട് പോയ ആറുവയസ്സുകാരിയെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നുമായിരുന്നു കണ്ടെത്തിയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. കേരളമാകെ കുട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടെയിലായിരുന്നു അപ്രതീക്ഷിതമായി കണ്ടുകിട്ടിയത്.
എന്നാൽ, അക്രമികളെ ഇതുവരെയും പിടികൂടിയിട്ടില്ല. പ്രതികളിൽ രണ്ടു പേരുടെ രേഖാചിത്രങ്ങൾ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. കുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത് വർക്കല ഭാഗത്തേക്ക് എന്നാണ് സൂചന. ഒന്നിലധികം സ്ത്രീകൾ സംഘത്തിലുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പ്രതികൾ മയങ്ങാൻ മരുന്ന് നൽകിയതായും സംശയമുണ്ട്. കുട്ടിയുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു.