കോട്ടയം: സൗജന്യമായി പെട്രോൾ നൽകാത്തതിനെ തുടർന്ന് പമ്പ് ആക്രമിച്ച് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂരിലാണ് പമ്പ് ജീവനക്കാരനെ നാലംഗ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പമ്പ് ജീവനക്കാരൻ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഏറ്റുമാനൂർ സ്വദേശികളായ ഷിന്റോ, ഷാലു, ആയാംകുടി സ്വദേശി രതീഷ്, പുന്നത്തറ സ്വദേശി സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. കിസ്മത്ത് പടിയിലെ പൊൻമാങ്കൽ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കമ്പിവടി, വടിവാൾ എന്നീ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.