ചണ്ഡിഗഡ്: ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിംഗ് റിൻഡയുടെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് ചരൺ സിംഗ് സന്ധു, സഹോദരൻ സരബ്ജോത് സിംഗ് സന്ധു എന്നിവരെ നന്ദേഡ് പോലീസ് കസ്റ്റഡിയിലെടുത്തത്
നന്ദേഡ് ജില്ലയിലെ വസീറാബാദ് പോലീസ് സ്റ്റേഷനിൽ 2023 ഏപ്രിലിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊള്ള, ഭീഷണിപ്പടുത്തി പണം തട്ടൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കാളിത്തമുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടും (MCOCA)യിലെയും വിവിധ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് ഇരുവരെയും കോടതിയിൽ എത്തിച്ചത്. ഡിസംബർ 4 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
റിൻഡയുടെ പേരിൽ ഭീഷണിപ്പെടുത്തി പിരിച്ചെടുക്കുന്ന പണം പിതാവ് ചരൺജിത്സിംഗ് സന്ധുവിനും സഹോദരൻ സരബ്ജ്യോത്സിംഗ് സന്ധുവിനും ഗുണ്ടാ സംഘങ്ങൾ നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നന്ദേഡിലെ ബിൽഡർമാർ, സംരംഭകർ, ഡോക്ടർമാർ, വ്യാപാരികൾ എന്നിവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭീകരൻ ഹർവീന്ദർ സിംഗ് റിൻഡ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇയാൾ പണം തട്ടിയെടുത്തിരുന്നത്.
2023 സെപ്തംബർ 22 നും റിൻഡയുടെ പേരിൽ ഒരാളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ
പ്രതികൾ ശ്രമിച്ചിരുന്നതായി നന്ദേഡ് എസ്പി ശ്രീകൃഷ്ണ കൊക്കേറ്റ് പറഞ്ഞു. ഈ കേസിലാണ് ഇരുവരേയും പിടികൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നിരോധിത ഖാലിസ്ഥാനി ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണിൽ അംഗമായ
ഹർവിന്ദർ സിംഗ് റിൻഡ പാകിസ്താനിലാണുള്ളത്. അതിർത്തി കടന്നുള്ള മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയിൽ റിൻഡ ഉൾപ്പെട്ടിരുന്നു. പാകിസ്താൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള പ്രാഥമിക കണ്ണിയായി റിൻഡ പ്രവർത്തിക്കുന്നവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം മേയിൽ മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് പിന്നിലും റിൻഡയുടെ പങ്ക് വ്യക്തമായിരുന്നു. പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര, ചണ്ഡീഗഡ്, ഹരിയാന, തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
പാകിസ്താനിൽ റിൻഡയുടെ മരണത്തെക്കുറിച്ച് മാദ്ധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അന്വേഷണ ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫെഡറൽ ഏജൻസികൾ റിൻഡയെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.















