സന്തോഷകരമായ ഒരു ദിവസം ലഭിക്കണമെങ്കിൽ ടെൻഷനും സമ്മർദ്ദവും ഇല്ലാത്ത ഒരു പ്രഭാതം ആരംഭിക്കണം. വൈകിയാണ് രാവിലെ ഉറക്കമുണരുന്നതെങ്കിൽ അന്നത്തെ ദിവസം സന്തോഷകരമായിരിക്കാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. എന്നാൽ കൃത്യമായി ആരോഗ്യത്തിന് പ്രധാനം നൽകികൊണ്ടാണ് നിങ്ങളുടെ ദിനചര്യ ആരംഭിക്കുന്നതെങ്കിൽ ദിവസം മുഴുവൻ സന്തോഷത്തോടെയും സംതൃപ്തിയോടെയും ഇരിക്കാൻ നിങ്ങൾക്ക് കഴിയും.
പ്രഭാതത്തിൽ ഉണർന്നതിന് ശേഷം മൊബൈൽ ഫോൺ മാറ്റി വക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മൊബൈൽ വെളിച്ചങ്ങൾക്ക് പകരം ദിവസവും സൂര്യപ്രകാശം കൊള്ളാൻ ശ്രദ്ധിക്കുക. ഇത് ചർമ്മത്തിനും അതുപോലെ ആരോഗ്യത്തിനും ഗുണകരമാണ്. ശരീരത്തിലെ സെറോടോണിനിന്റെ ഉൽപാദനം കൂട്ടാൻ സഹായിക്കും. ഇത് രാത്രിയിൽ മെലറ്റോണിൻ ഉൽപാദിപ്പിക്കാൻ ആവശ്യമാണ്. മെലറ്റോണിൻ ശരിയായ ഉറക്കം നൽകുവാൻ സഹായിക്കും.
ദിവസവും കുറച്ച് സമയമെങ്കിലും മെഡിറ്റേഷൻ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരു പോലെ ഗുണകരമാണ്. ഓർമ്മ വർദ്ധിപ്പിക്കുവാനും, സമ്മർദ്ദം, വിഷാദം എന്നിവ കുറയ്ക്കുന്നതിനും മെഡിറ്റേഷൻ സഹായിക്കും. 30 മിനിറ്റെങ്കിലും മെഡിറ്റേഷന് വേണ്ടി മാറ്റിവെക്കാൻ ശ്രമിക്കുക. ശാന്തമായ സ്ഥലങ്ങളും ഇഷ്ടമുള്ള സംഗീതവും അതിനായി ഉപയോഗിക്കുക.
യോഗ, വ്യായാമം, സൈക്ലിംഗ്, നടത്തം എന്നിവ ദിവസവും ചെയ്യാം. ഇതുവഴി മികച്ച ആരോഗ്യമാണ് ലഭിക്കുക. ആരോഗ്യത്തിന് ഏറ്റവും ഉത്തമം യോഗയാണ്. ഇത് ശരീരത്തിന് ഉണർവും ഉന്മേഷവും നൽകും. പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കാതിരിക്കുക. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിവതും രാവിലെ കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഓട്സ്, ഓറഞ്ച്, ആപ്പിൾ, ബെറീസ് തുടങ്ങിയ പഴങ്ങളും പാൽ, തൈര്, പയർ വർഗങ്ങൾ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ആരോഗ്യകരമായ ദിനചര്യ പിന്തടരുന്നത് വഴി സന്തോഷവും ഉന്മേഷവും നിറഞ്ഞ ഒരു ദിനം ലഭിക്കും. അതോടൊപ്പം മികച്ച ആരോഗ്യവും ഇത് പ്രദാനം ചെയ്യും.