കൊല്ലം: ആറുവയസ്സുകാരിയെ തട്ടികൊണ്ട് പോയ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ്. അന്വേഷണത്തിൽ ഇതുവരെ പുരോഗതി ഇല്ലാത്തതിനെക്കുറിച്ചും പിതാവ് കുറ്റപ്പെടുത്തി. പ്രതിയെ കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പോലീസ് എന്നെ ഉന്നം വെക്കുന്നു. തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഞാൻ ഭയക്കുന്നില്ല. എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ഒഇടി,നഴ്സിംഗ് റിക്രൂട്മെന്റ് എന്നിവയിൽ ഒരു പങ്കുമില്ല. സംഘടനയെയും സുഹൃത്തുക്കളെയും കേസിലേക്ക് വലിച്ചിഴയ്ക്കുകയാണ്. എന്നെ ഉന്നം വെക്കുകയാണെങ്കിൽ കുടുംബസഹിതം പോലീസ് സ്റ്റേഷനിൽ കുത്തിയിരിക്കും.
കുട്ടിയെ കിട്ടുന്നത് വരെയുള്ള അന്വേഷണം ഊർജ്ജിതമായി നടന്നിരുന്നു. പിന്നീട് കുട്ടിയെ കിട്ടിയ ശേഷം കേസ് എന്നിൽ കെട്ടി വയ്ക്കുകയായിരുന്നു. എന്നിലേക്കും എന്റെ കുടുംബത്തിലേക്കും വിരൽ ചൂണ്ടുന്ന രീതിയിലാണ് അന്വേഷണത്തിന്റെ ഗതി. കേസിൽ എനിക്ക് നീതി ലഭിച്ചില്ലെങ്കിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിച്ച് പ്രതികളെ ജനങ്ങളുടെ മധ്യത്തിലേക്ക് കൊണ്ടു വരണമെന്നാണ് എനിക്ക് പറയാനുള്ളത്.’- പിതാവ് പറഞ്ഞു.