ദുബായ്: ഇസ്രായേൽ-ഹമാസ് സംഘർഷത്തിന് അയവ് വരുത്തിക്കൊണ്ടുള്ള വെടിനിർത്തൽ അവസാനിപ്പിക്കാൻ കാരണം ഹമാസ് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വെടിനിർത്തൽ കരാർ നിലവിലുള്ളപ്പോൾ തന്നെ ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തിയെന്നും, ഇരുകൂട്ടർക്കുമിടയിലുള്ള പ്രശ്‌നപരിഹാര സാധ്യത കുറയ്‌ക്കാൻ ഇതാണ് കാരണമായതെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു. ദുബായിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇപ്പോഴുണ്ടായ വെടിനിർത്തൽ സംഭവിച്ചത് എന്തുകൊണ്ടാണെന്ന് എല്ലാവരും മനസിലാക്കണം. ഹമാസ് ഭീകരർ കരാർ ലംഘിച്ച് ആക്രമണം നടത്തി. കരാറിൽ അവർ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതാണ് വെടിനിർത്തൽ വീണ്ടും നടപ്പാക്കുന്നതിൽ നിന്ന് ഇസ്രായേലിനെ പിന്നോട്ട് വലിച്ചത്. ജറുസലേമിൽ ഹമാസ് ഭീകരർ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കൻ വംശജൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. താത്കാലിക വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് മുൻപായാണ് അവർ ആക്രമണം നടത്തിയതെന്നും” ആന്റണി ബ്ലിങ്കൻ പറഞ്ഞു.
മേഖലയിൽ സമാധാനശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രഖ്യാപിച്ച ആന്റണി ബ്ലിങ്കൻ, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയയ്‌ക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തമാക്കി. ” എല്ലാവരേയും തിരികെ വീടുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്കാണ് എപ്പോഴും മുൻഗണന. ഏഴ് ദിവസം കൊണ്ട് നിരവധി പേർ അവരുടെ കുടുംബാംഗങ്ങളുമായി ഒത്തുചേർന്നു. ഇപ്പോഴും ഞങ്ങൾ അതേ വിഷയത്തിൽ തന്നെയാണ് ഉറച്ച് നിൽക്കുന്നത്.
ഇനിയൊരു ഒക്ടോബർ ഏഴ് ആവർത്തിക്കാതിരിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുകയും, അത്തരം ശ്രമങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യും. സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പുറമെ മാനുഷിക സഹായം അവരിലേക്ക് എത്തുന്നുണ്ട് എന്ന കാര്യവും ഉറപ്പാക്കുമെന്നും” അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ ഇരുപക്ഷവും ഏറ്റുമുട്ടൽ വീണ്ടും ആരംഭിക്കുകയായിരുന്നു. ഇസ്രായേലിന്റെ വിവിധ മേഖലകളിൽ ഹമാസ് വെടിയുതിർത്തതിന് പിന്നാലെയാണ് പ്രത്യാക്രമണം ആരംഭിച്ചതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിരുന്നു.