തൃശൂർ: നവകേരള സദസിന്റെ വിളംബരജാഥക്ക് ആളെ കൂട്ടാൻ തൃശൂർ കോർപ്പറേഷൻ ജീവനക്കാർക്ക് സെക്രട്ടറിയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഷാജുവാണ് വാട്സ്ആപ് ഗ്രൂപ്പിൽ നിർദ്ദേശം നൽകിയത്. കോർപറേഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ഹെൽത്ത് ഇൻസ്പെക്ടർ സന്ദേശം നൽകിയത്.
തൃശൂർ കോർപ്പറേഷനിലെ മുഴുവൻ ജീവനക്കാരും വിളംബരജാഥക്ക് പങ്കെടുക്കണമെന്നാണ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തൃശൂർ സിഎംഎസ് ഹൈസ്കൂൾ കോമ്പൗണ്ടിൽ സംഘടിപ്പിക്കുന്ന നവകേരള സദസിന് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് തൃശൂർ കോർപ്പറേഷൻ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. കൃത്യം മൂന്ന് മണിക്ക് തന്നെ എത്തിച്ചേരണമെന്നാണ് ജീവനക്കാരോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥൻ അയച്ച ശബ്ദസന്ദേശം ജനം ടിവിക്ക് ലഭിച്ചു.
താത്കാലിക-സ്ഥിരം ജീവനക്കാരും, സാനിറ്ററി ജീവനക്കാരും ഉൾപ്പെടെ എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്നും യൂണിഫോമുള്ളവർ അത് ഇടേണ്ടതില്ലെന്നുമായിരുന്നു നിർദ്ദേശം. വിവിധ ആവശ്യങ്ങളുമായി കോർപ്പറേഷനിലെത്തുന്ന പൊതുജനങ്ങളെ വലയ്‌ക്കുന്നതാണ് തീരുമാനം.