സുരകാർത്ത: അണ്ടർ 17 ലോകകിരീടത്തിൽ കന്നി മുത്തമിട്ട് ജർമ്മനി. കലാശപ്പോരിൽ ഫ്രാൻസിനെ 4-3 ന് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ജർമ്മനി കീരിട ജേതാക്കളായത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് സമനിലയിലായതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ കളിക്കളത്തിൽ ജർമ്മനിയുടെ ആതിപത്യം കാണാൻ കഴിയുമായിരുന്നു. ഗോൾ പോസ്റ്റിലേക്ക് പന്തുമായി ഓടിയെത്തുന്ന ജർമ്മൻ താരങ്ങളെ തടയാൻ ഫ്രാൻസ് ടീം വിയർത്തു. 29-ാം മിനിറ്റിൽ പാരിസ് ബ്രൂണറെടുത്ത പെനാൽറ്റിയിലൂടെ ജർമ്മനി ആദ്യ ഗോൾ നേടി. ജർമ്മൻ റൈറ്റ്ബാക്ക് എറിക് ഡാ സിൽവയെ ഫ്രഞ്ച് താരം അയ്മൻ സദി പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ജർമ്മനി രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോൾ കണ്ടെത്തി. 51-ാം മിനിറ്റിൽ നോവ ഡാർവിച്ചാണ് വലകുലുക്കിയത്. എന്നാൽ 53-ാം മിനിറ്റിൽ ജർമ്മനിയുടെ പ്രതിരോധത്തെ മറികടന്ന് സൈമോൺ ബുവാബ്രി ഫ്രാൻസിനായി ഗോളടിച്ചു. പിന്നാലെ ഫ്രാൻസിന്റെ ആക്രമണങ്ങൾക്ക് മൂർച്ചയേറി. 69-ാം മിനിറ്റിൽ ജർമ്മൻ മദ്ധ്യനിരതാരം മാർക് ഒസാവെ റെഡ് കാർഡ് കിട്ടി പുറത്തുപോയത് ജർമ്മനിക്ക് തിരിച്ചടിയായി.
85-ാം മിനിറ്റിൽ മാത്തിസ് അമൗഗൗവയിലൂടെ രണ്ടാം ഗോൾ കണ്ടെത്തി മത്സരം ഫ്രാൻസ് സമനിലയിലാക്കി.നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടിയതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ 4-3 ന് ഫ്രാൻസിനെ തകർത്ത് ജർമ്മനി കിരീടത്തിൽ മുത്തമിടുകയായിരുന്നു.















