ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയോട് നന്ദി പറഞ്ഞ് യുവതാരം ഋതുരാജ് ഗെയ്ക്‌വാദ്. ഓപ്പണിംഗിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. യുവതാരങ്ങൾ അണിനിരക്കുന്ന ടി20യിൽ നാല് മത്സരങ്ങളിൽ നിന്നായി 213 റൺസാണ് താരം നേടിയത്. ഐപിഎല്ലിൽ ധോണി നായകനായ സിഎസ്‌കെയുടെ താരമാണ് ഋതുരാജ്.
ടി20യെ കുറിച്ച് ഞാൻ മനസിലാക്കിയത് ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്നാണ്. മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ് എംഎസ് ധോണി നൽകിയ ഉപദേശങ്ങൾ സഹായിച്ചു. സന്ദർഭങ്ങളെ മനസിലാക്കാനും അതിനനുസരിച്ച് തന്ത്രം മെനയാനും മഹി ഭായിക്ക് കഴിവുണ്ട്. മത്സരം പുരോഗമിക്കുന്നതും മത്സരത്തിന്റെ ഗതിയെന്തെന്നും മനസിലാക്കാൻ പഠിപ്പിച്ചത് മഹി ഭായ് ആണ്. ടീമിന്റെ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാൻ താൻ അവിടെ നിന്നാണ് പഠിച്ചത്. തനിക്കൊപ്പം എപ്പോഴും ധോണിയുടെ ഉപദേശങ്ങളുണ്ടെന്നും അത് പിന്തുടരാനാണ് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി.
ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് 2019ലാണ് ഋതുരാജ് ഗെയ്ക്വാദ് എത്തിയത്. സിഎസ്‌കെയ്‌ക്കായി 52 മത്സരങ്ങളിൽ നിന്ന് 1797 റൺസാണ് താരം നേടിയത്.