ദിസ്പൂർ: ക്വാറി തൊഴിലാളികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുേപായി. ക്വാറിയിലെ മൂന്ന് ഡ്രൈവർമാരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോത്. അസമിലെ കച്ചാർ ജില്ലയിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘമാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അസം റൈഫിൾസും പോലീസും സംയുക്തമായി ചേർന്നാണ് അന്വേഷണം നടത്തുന്നത്. ഖനനം ചെയ്ത കല്ലുകൾ ട്രക്കുകളിലേക്ക് കയറ്റുന്നതിനിടെയാണ് തോക്കുമായെത്തിയ സംഘം ക്വാറിയിലേക്ക് അതിക്രമിച്ച് കടന്നത്. നിരവധി തവണ സംഘം ആകാശത്തേക്ക് വെടിയുതിർത്തതായും സംഘത്തിന്റെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു.
മൂന്ന് പേരെയും ബന്ദികളാക്കി വനത്തിലേക്ക് കൊണ്ടുപോയെന്ന് മറ്റ് തൊഴിലാളികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിൽ ഭീകര സംഘടനകൾക്ക് പങ്കുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതിനാൽ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ക്വാറിയിലെ തൊഴിലാളികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്നും അന്വേഷണം കടുപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.















