കൊച്ചി : സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ബുദ്ധിമുട്ടാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ . ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ മറികടക്കുന്ന എണ്ണ ഇട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ചടുലമായ ഒരു പാർട്ടി സംവിധാനം പ്രതിപക്ഷ മുന്നണിക്ക് സംഘടിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ മതേതര ഇന്ത്യയെ കുറിച്ച് വലിയ പ്രതീക്ഷ വെച്ചു പുലർത്തേണ്ടതില്ല എന്ന നിരാശയാണ് തനിക്കിപ്പോൾ തോന്നുന്നത് എന്നും ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിലയിരുത്തപ്പെട്ട നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ പുറത്തു വന്നിരിക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണമെങ്കിൽ കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ ബിജെപി തോൽക്കണം. അത്തരം സംസ്ഥാനങ്ങളിൽ പെട്ട മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും പൂർണമായും ബിജെപിയുടെ കൈപ്പിടിയിലേക്ക് ഒതുങ്ങുന്നതാണ് നാമിപ്പോൾ കാണുന്നത്.
സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ബുദ്ധിമുട്ടാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുകയെന്നത്. ബിജെപി ഉയർത്തി കാണിക്കുന്ന ഹിന്ദുത്വവാദത്തെയും വൈകാരിക ദേശീയതയേയും മറികടക്കാൻ കെട്ടുറപ്പുള്ള ആശയ ഭദ്രത പ്രതിപക്ഷ മുന്നണിക്ക് രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ വലിയൊരു പരാജയമാകും 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കേണ്ടത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ മറികടക്കുന്ന എണ്ണ ഇട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ചടുലമായ ഒരു പാർട്ടി സംവിധാനം പ്രതിപക്ഷ മുന്നണിക്ക് ഹിന്ദി ഹൃദയ ഭൂമിയിൽ സംഘടിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ മതേതര ഇന്ത്യയെ കുറിച്ച് വലിയ പ്രതീക്ഷ വെച്ചു പുലർത്തേണ്ടതില്ല എന്ന നിരാശയാണ് എനിക്കിപ്പോൾ തോന്നുന്നത്!















