യുറേകോമിലെ ഗവേഷകർ ബ്ലൂടൂത്തിൽ സുരക്ഷാ പിഴവുകൾ കണ്ടെത്തി. ഇത് വഴി ഹാക്കർമാർക്ക് വളരെ പെട്ടെന്ന് തന്നെ ഉപകരണങ്ങളിൽ ആക്രമണം നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ സുരക്ഷാ പിഴവുകൾ 2014-ന് ശേഷം ഇറങ്ങിയ ബ്ലൂടൂത്ത് 4.2 ഉള്ള എല്ലാ ഉപകരണങ്ങളെയും ബാധിക്കുമെന്നും സുരക്ഷാ ഗവേഷകർ അറിയിച്ചു. ബ്ലൂഫ്സ് എന്ന പേരിൽ ആറ് സുരക്ഷാ പിഴവുകളാണ് കണ്ടെത്തിയിട്ടുള്ളത്.
ബ്ലൂടൂത്ത് ഉപയോഗിച്ച് വിവരങ്ങൾ അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ ആ ഫയലുകളിലെ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർക്ക് സാധിക്കും. ബ്ലൂടൂത്ത് ആർക്കിടെക്ചറിലെ സുരക്ഷാ പിഴവ് ഉപയോഗിച്ചാണ് ഇത് സാധ്യമാവുന്നത്. ഒരു പ്രത്യേക മേഖലയിൽ മാത്രമായല്ല ഈ സുരക്ഷാ പിഴവ് കണ്ടെത്തിയിട്ടുള്ളത് മറിച്ച് ബ്ലൂടൂത്തിന്റെ ആർകിടെക്ചർ ലെവലിൽ വരെ ഇത് ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ഇത് കണ്ടെത്താനോ പരിഹരിക്കനോ കഴിയില്ല. അതിനാൽ ഇതിന്റെ ഉപയോഗം വളരെ കരുതലോടെ വേണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബ്ലൂടൂത്തിൽ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഉപഭോക്താക്കൾക്ക് കഴിയും. അതുപോലെ ലോ-സെക്യൂരിറ്റി ഒതന്റിക്കേഷൻ ഒഴിവാക്കാനും ബ്ലൂടൂത്ത് നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. മറ്റ് പരിഹാരമാർഗമായി കണക്കാക്കുന്നത് ഉപയോഗ ശേഷം ബ്ലൂടുത്ത് ഓഫാക്കുക എന്നതാണ്. കൂടാതെ പൊതു സ്ഥലങ്ങളിൽ വച്ച് സെൻസിറ്റീവ് ഫയലുകളും ചിത്രങ്ങളും ബ്ലൂടുത്ത് വഴി ഷെയർ ചെയ്യുന്നത് ശ്രദ്ധിക്കുകയും ചെയ്യുക. എന്നിവയാണ് പരിഹാരമാർഗമായി ഗവേഷകർ നൽകുന്ന അറിയിപ്പ്.